Image Credit: X
കാമുകിമാര്‍ക്ക് ഐ ഫോണ്‍ വാങ്ങിക്കൊടുക്കണം, പക്ഷേ നയാ പൈസയില്ല.. എന്ത് ചെയ്യുമെന്ന് തലപുകച്ച് ആലോചിച്ച രണ്ട് കൗമാരക്കാര്‍ ആറര ലക്ഷം രൂപ വിലമതിക്കുന്ന പൈപ്പുകള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ കൊണ്ട് വിറ്റു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. ആഡംബര പൈപ്പുകള്‍ വില്‍ക്കുന്ന 'രാഹുല്‍ സെറാമിക്സ് പ്രൈവറ്റ് ലിമിറ്റഡി'ന്‍റെ വെയര്‍ഹൗസില്‍ കയറിയായിരുന്നു കൊള്ളയടിക്കല്‍. കടയുടമ നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് 'കാമുക ഹൃദയ'ങ്ങളെ പൊലീസ് കണ്ടെത്തിയത്.
മേയ് 27 നും 28നുമാണ് വെയര്‍ഹൗസില്‍ കള്ളന്‍മാര്‍ കയറിയതായി ഉടമയായ രാഹുല്‍ ജയചന്ദ് ബത്ര കണ്ടെത്തിയത്. വെയര്‍ഹൗസിന്റെ മേല്‍ക്കൂര നീക്കിയാണ് ആണ്‍കുട്ടികള്‍ അകത്ത് കടന്നത്. ഗോള്‍ഡ് ടോണ്‍ ഡിസൈനിലുള്ള അഞ്ച് പൈപ്പുകള്‍ (വില: 3,94,500 രൂപ) സ്റ്റാന്‍ഡേഡ് ഗോള്‍ഡ് കളേര്‍ഡ് പൈപ്പുകള്‍ (67,000 രൂപ), റോസ് ഗോള്‍ഡിന്‍റെ ഒന്‍പത് പൈപ്പുകള്‍ (വില: 1,30,500 രൂപ),വെള്ളി നിറത്തിലെ നാല് പൈപ്പുകള്‍ (58,000 രൂപ) എന്നിവയാണ് ഇവര്‍ മോഷ്ടിച്ചത്. വെയര്‍ഹൗസിനകത്തും പുറത്തുമായി സ്ഥാപിച്ചിരുന്ന മുപ്പത്തിയഞ്ചോളം സിസിടിവികള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ ഇവരെ പിടികൂടുകയായിരുന്നു.
പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ ഇരുവരും സത്യം പറഞ്ഞു. തുച്ഛമായ തുകയ്ക്കാണ് ഫോസറ്റുകള്‍ കുട്ടികള്‍ ആക്രിക്കടയില്‍ വിറ്റതെന്നും പൊലീസ് കണ്ടെത്തി. ഇവരില്‍ നിന്ന് മോഷണമുതല്‍ വാങ്ങിയ ആക്രിക്കച്ചവടക്കാരന്‍ ഇര്‍ഫാന്‍ അലിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.