AI Generated Image
ചൈനയിലെ പ്രശസ്തമായ ഗ്ലാസ് ബ്രിഡ്ജ് കാണാനെത്തിയ കൗമാരക്കാരന്റെ കുസൃതി വാര്‍ത്തയാകുന്നു. ഗ്ലാസ് ബ്രിഡ്ജ് കാണാനെത്തിയ കുട്ടി കൗതുകം തോന്നി കുട ഉപയോഗിച്ച് ഗ്ലാസ് ബ്രിഡ്ജിന്റെ ഒരു വശം പൊട്ടിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു പാനല്‍ പൊട്ടിയതോടെ സന്ദര്‍ശകരെല്ലാം പരിഭ്രാന്തരായി. ഉടന്‍ തന്നെ ജീവനക്കാര്‍ സന്ദര്‍ശകരെയെല്ലാം ഗ്ലാസ് ബ്രിഡ്ജില്‍ നിന്നും മാറ്റുകയായിരുന്നു.
ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ബവോക്വാൻ ക്ലിഫ് വേൾഡ് സീനിക് മേഖലയില്‍ ജൂണ്‍ 20നാണ് സംഭവം നടന്നത്. സന്ദര്‍ശകരുടെ കൂടെയെത്തിയ ആണ്‍കുട്ടി കുടയുടെ കൂര്‍ത്ത അറ്റം കൊണ്ട് ഗ്ലാസ് ബ്രിഡ്ജിന്റെ തറയില്‍ പലതവണ കുത്തിയതോടെ ഒരു പാനല്‍ പൊട്ടുകയായിരുന്നു. ഗ്ലാസില്‍ വിള്ളല്‍ കണ്ടതോടെ ഉടന്‍ തന്നെ ജീവനക്കാര്‍ സന്ദര്‍ശകരെയെല്ലാം മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി.
ഒരു പാനല്‍ പൊട്ടിയെങ്കിലും ഗ്ലാസ് ബ്രിഡ്ജ് പ്ലാറ്റ്ഫോമിന്റെ ഭാരം വഹിക്കാനുള്ള ശേഷിയെ ഈ സംഭവം ബാധിച്ചില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഒരു പാളിയില്‍ കേടുപാടുകള്‍ വന്നാലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു ഈ ഗ്ലാസ് ബ്രിഡ്ജ് രൂപകല്‍പന ചെയ്തത്.