Image Credit:x/vladireturns
മിസൈലുണ്ടാക്കാനുള്ള രാസവസ്തുക്കള്‍ വന്‍തോതില്‍ ചൈന ബംഗ്ലദേശിലേക്ക് രഹസ്യമായി കടത്തുന്നുവെന്ന് സംശയം. റോക്കറ്റ് നിര്‍മാണത്തിലും മിസൈലിന്ധനത്തിന്റെ നിര്‍മാണത്തിനും ഉപയോഗിക്കുന്ന സോഡിയം പെര്‍ക്ലോറൈറ്റിന്റെ 405 ടണ്‍ ശേഖരമാണ് ബംഗ്ലദേശിലേക്ക് കടത്തുന്നതിനിടെ ഇന്തൊനീഷ്യ പിടികൂടിയത്. റജിസ്റ്റര്‍ ചെയ്യാത്ത മില്യണ്‍ കണക്കിന് സിം കാര്‍ഡുകളും ഇതിനൊപ്പമുണ്ടായിരുന്നുവെന്ന് ഇന്തൊനീഷ്യന്‍ നാവിക സേന കമാന്‍ഡര്‍ വെളിപ്പെടുത്തി. 100 മിസൈല്‍ നിര്‍മിക്കാനാവശ്യമായ വസ്തുക്കളാണ് ചരക്ക് കപ്പലില്‍ ഉണ്ടായിരുന്നതെന്നും ബംഗ്ലദേശില്‍ എവിടേക്കാണ് ഇത് എത്തിക്കുന്നതെന്നും ആര്‍ക്കാണ് ഇത് നല്കുന്നതെന്നുമാണ് അറിയാനുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
ധാക്കയില്‍ നിന്നുള്ള പത്രമായ 'ദ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്' ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കൊമൊറോയുടെ പതാകയുള്ള എംവി സ്റ്റാര്‍ ലൈന്‍സ് എന്ന കപ്പല്‍ ചൈനയിലെ ലിയാന്യുനാങ് തുറമുഖത്ത് നിന്നും ബംഗ്ലദേശിലെ മോങ്ല തുറമുഖത്തേക്കാണ് സഞ്ചരിച്ചിരുന്നത്. കപ്പല്‍ ഈ മാസം ഏഴിന് വടക്കന്‍ സുമാത്രയിലെ ബെല്വനില് വച്ച് ഇന്തൊനീഷ്യ പിടികൂടുകയായിരുന്നു. കപ്പലിന്റെ സഞ്ചാരത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പരിശോധിച്ചതെന്നും മുന്നിശ്ചയിക്കാതെ കപ്പല്‍ ബെല്വനില് നിര്‍ത്തിയത് സംശയം ജനിപ്പിച്ചുവെന്നും ഇന്തൊനീഷ്യ പറയുന്നു. ഇന്ധനം നിറയ്ക്കുന്നതിനായാണ് കപ്പല്‍ ബെല്വനില് നങ്കൂരമിട്ടത്. ഇതോടെ KRI സിഗലു–857 എന്ന പട്രോള്‍ ബോട്ടില്‍ നേവി സംഘം കപ്പലിനടുത്തെത്തി. റേഡിയോ കമ്യൂണിക്കേഷനുകളോട് പ്രതികരിക്കാതിരുന്നതോടെ കപ്പലിലേക്ക് സൈന്യം കയറുകയും പരിശോധനയ്ക്ക് ഉത്തരവിടുകയുമായിരുന്നു.
കപ്പലില്‍ സൂക്ഷിച്ചിരുന്ന 36 കണ്ടെയ്നറുകളില്‍ 15 എണ്ണത്തിലാണ് സോഡിയം പെര്‍ക്ലോറേറ്റ് സൂക്ഷിച്ചിരുന്നത്. 54 പാലറ്റുകളിലായി ദശലക്ഷക്കണക്കിന് റജിസ്റ്റര്‍ ചെയ്യാത്ത 4G LTE സിമ്മുകള്‍ ഉണ്ടായിരുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കപ്പലിന്റെ റജിസ്ട്രേഷനിലടക്കം വൈരുധ്യങ്ങളുണ്ടായിരുന്നുവെന്നും ഇന്തൊനീഷ്യന്‍ അധികൃതര്‍ പറയുന്നു. രേഖകളില്‍ 2027 ഒക്ടോബര്‍ വരെ റജിസ്ട്രേഷന് സാധുവാണെന്നുണ്ടെങ്കിലും പുതിയ പട്ടിക പ്രകാരം സസ്പെന്‍ഡ് ചെയ്തതായാണ് കാണപ്പെടുന്നത്. ഷിപ്പിങ് കമ്പനി ഏതാണെന്നോ, ആരാണിത് അയച്ചതെന്നോ, ആര്‍ക്കാണ് അയച്ചതെന്നോ രേകളില്‍ ഇല്ല.വിശദമായ അന്വേഷണത്തില്‍ ഇത് കണ്ടെത്താമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഇന്ത്യയ്ക്ക് ആശങ്ക വേണോ?
മൊങ്ല തുറമുഖം ലക്ഷ്യമാക്കിയാണ് കപ്പലെത്തിയത്. ചറ്റോഗ്രാം കഴിഞ്ഞാല്‍ ബംഗ്ലദേശിലെ ഏറ്റവും വലിയ തുറമുഖമാണ് മൊങ്ല. തെക്കുപടിഞ്ഞാറന്‍ ജില്ലയായ ബാഗേര്ഹട്ടിലാണിത്. ബംഗാള്‍ ഉള്‍ക്കടലിലെ പഷുര് നദിക്ക് സമീപവുമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും മുന്‍പുണ്ടായിരുന്ന കരാര്‍ പ്രകാരം ഇന്ത്യ ഈ രണ്ട് തുറമുഖങ്ങളിലേക്കും അനായാസം സാധന സാമഗ്രികളെത്തിച്ചുപോന്നിരുന്നു. തുറമുഖത്തിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാനായി ഖുല്‍ന–മൊങ്ല റെയില്‍വേ ലൈനും ഇന്ത്യ മുന്‍കൈയെടുത്തിരുന്നു. എന്നാല്‍ ഈ വര്‍ഷമാദ്യം മുതല്‍ ചൈന ഇവിടെ സ്വാധീനം ഉറപ്പിക്കുകയാണ്. ജൂണില്‍ ബംഗ്ലദേശുമായി ചൈന ഒരു കരാര്‍ ഒപ്പിട്ടു. മൊങ്ലയോട് ചേര്‍ന്നുള്ള 110 ഏക്കര്‍ ഭൂമിയില്‍ പ്രത്യേക സാമ്പത്തിക മേഖല നിര്‍മിച്ച് വികസിപ്പിക്കുന്നതിനായിരുന്നു കരാര്‍. 2015 ല്‍ ബംഗ്ലദേശുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച് ഇത് ഇന്ത്യ പങ്കാളിയാകുന്ന സെസ് മേഖലയായിരുന്നു. എന്നാല്‍ 2025ല്‍ ഈ പദ്ധതി തന്നെ ഇന്ത്യ ഉപേക്ഷിക്കുകയും ചെയ്തു. ചൈനയാവട്ടെ 336 മില്യണ്‍ യുഎസ് ഡോളറാണ് തുറമുഖത്തിന്റെ വികസനത്തിനും ആധുനികവല്‍ക്കരണത്തിനുമായി അനുവദിച്ചത്.