india-china-us
  • ഇന്ത്യയെ ഒതുക്കാന്‍ ചൈന ശ്രമിക്കുന്നു, പാക്കിസ്ഥാനുവേണ്ടി കൈമെയ് മറന്നുള്ള നീക്കം, നമുക്ക് ഒറ്റക്കെട്ടായി മുന്നോട്ടു പോകാമെന്ന് അമേരിക്ക

സമസ്ത മേഖലകളിലും ഇന്ത്യയെ ഒതുക്കാന്‍ ചൈന തന്ത്രം മെനയുന്നതായി യുഎസ് കോണ്‍ഗ്രസ് സമിതിയുടെ റിപ്പോര്‍ട്ട്. ഈ തന്ത്രത്തിന്റെ ഭാഗമായാണ് പാക്കിസ്ഥാനുമായുള്ള സൈനിക സഹകരണം ഉള്‍പ്പെടെ ശക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാവസായിക ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ഇന്ത്യയുടെ ശേഷി പരിമിതപ്പെടുത്താനുമാണ് ബീജിങ്ങിന്റെ ശ്രമമെന്നാണ് പുറത്തുവരുന്ന വിവരം. യുഎസ് ചൈന ഇക്കോണമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യു കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ചൈനയുടെ തന്ത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. 

Also Read: ബഹ്റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങള്‍ ആക്രമിച്ച് ഇറാന്‍; വ്യവസായ കേന്ദ്രത്തില്‍ തീപിടിത്തം

ഇന്ത്യയുടെ വളര്‍ച്ച ദുര്‍ബലമാക്കിയില്ലെങ്കില്‍ ചൈനയ്ക്ക് വെല്ലുവിളിയാകുമെന്ന തിരിച്ചറിവിലാണ് ഈ നീക്കങ്ങളെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ചൈനയോട് കിടപിടിക്കാന്‍ പോന്ന ശേഷിയുള്ള രാജ്യമെന്നാണ് ഇന്ത്യയെ റിപ്പോര്‍ട്ടില്‍ വിലയിരുത്തപ്പെടുന്നത്. ചൈനയുടെ നിര്‍മാണ വിതരണ മേഖലകള്‍ക്ക് ബദലായി മാറാനും ഇന്ത്യയ്ക്ക് സാധിക്കും,  ഇക്കാര്യങ്ങള്‍ ചൈന തിരിച്ചറിഞ്ഞതായും അതിനാലാണ് ഇന്ത്യയെ ലക്ഷ്യംവയ്ക്കുന്നതെന്നും യുഎസ് സമിതി റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. സാമ്പത്തികമേഖലയിലാണ് ഇന്ത്യയ്ക്കുമേല്‍ കടുത്ത സമ്മര്‍ദത്തിന് ചൈന മുതിരുന്നത്. അതുവഴി ഇന്ത്യയുടെ ഉത്പാദനശേഷിയുള്‍പ്പെടെ വികസിക്കുന്നത് പ്രയാസകരമാക്കാനുള്ള ചിന്തകളാണ് ബീജിങ് നടത്തുന്നത്.

ഇന്ത്യയിലേക്കുള്ള നിര്‍ണായക ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും സാമ്പത്തിക സമ്മര്‍ദത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്

അതേസമയം ഇന്ത്യയുടെ ശത്രുരാജ്യമായ പാക്കിസ്ഥാനുമായുള്ള സൈനിക സഹകരണത്തിലും സമിതി ആശങ്ക പ്രകടിപ്പിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെ പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടാണിത്. നേരിട്ട് യുദ്ധത്തില്‍ പങ്കുചേരാതെ തന്നെ പ്രതിസന്ധി ഘട്ടങ്ങളില്‍ ചൈന പാക്കിസ്ഥാനൊപ്പമുണ്ടാകും എന്ന് 2025 മേയില്‍ നടന്ന സംഘര്‍ഷത്തിലൂടെ തെളിയിച്ചു കഴിഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക്ക് വ്യോമതാവളങ്ങളില്‍ ചൈനീസ് വിദഗ്ധര്‍ നേരിട്ടെത്തി സഹായം നല്‍കിയിരുന്നതായി ചൈന തന്നെ സമ്മതിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 

ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. സമുദ്രസുരക്ഷാ നിരീക്ഷണത്തിലുള്‍പ്പെടെ സഹകരിച്ച് വിവരങ്ങള്‍ കൈമാറണം, സൈനികാഭ്യാസങ്ങളില്‍ മാത്രം ഒതുങ്ങാതെ സഹകരണത്തിലേക്ക് കടക്കണം, ചൈനയുടെ യുദ്ധക്കപ്പലുകളേയും അന്തര്‍വാഹിനികളേയും നിരന്തരം നിരീക്ഷിക്കണം, രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കണം, സര്‍ക്കാര്‍, വ്യവസായം, അക്കാദമിക രംഗം , എന്നീ മേഖലകളില്‍ ദീര്‍ഘകാല ബന്ധം നിലനിര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നും യുഎസ് സമിതി ആവശ്യപ്പെടുന്നു. 

China attempting to undermine India's growth: US panel report:

A report by a US Congressional panel states that China is devising strategies to contain India across all sectors. The report notes that strengthening military cooperation with Pakistan is part of this strategy