sheikh-hasina-bangladesh
  • ഹസീനയുടെ മടക്കവാര്‍ത്ത അറിഞ്ഞതോടെ കലാപാന്തരീക്ഷത്തിലാണ് രാജ്യം, പലയിടത്തു നിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

ഷെയ്ഖ് ഹസീന മടങ്ങിയെത്തുന്നു! കടുത്ത പിരിമുറുക്കത്തിലാണ് ബംഗ്ലാദേശ് രാഷ്ട്രീയം.. 2024ലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനു പിന്നാലെ ഡല്‍ഹിയില്‍ അഭയം തേടിയ മുന്‍ പ്രധാനമന്ത്രി ഡിസംബറോടെ രാജ്യത്ത് തിരിച്ചെത്തുമെയിരുന്നു പ്രഖ്യാപനം. ഹസീനയുടേയും അവാമി ലീഗിന്റേയും തിരിച്ചുവരവ് ഏതുവിധേനയും തടയണമെന്നാണ് പ്രധാനമന്ത്രി താരിഖ് റഹ്മാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനായി ജനാധിപത്യ ശക്തികള്‍ ഒന്നിക്കണമെന്നും താരിഖ് പാര്‍ലമെന്റില്‍ ആഹ്വാനം ചെയ്തു. 2024ലേതിനു സമാനമായ ചെറുത്തുനില്‍പാണ് വേണ്ടതെന്ന് പ്രധാനമന്ത്രി തന്നെ ആഹ്വാനം ചെയ്യുന്നതിലൂടെ കാര്യങ്ങള്‍ വ്യക്തമാണ്. സമാധാനമല്ല ലക്ഷ്യം, രാജ്യം നശിച്ചാലും രാഷ്ട്രീയ നേട്ടമുണ്ടാകണം   

അവാമി ലീഗ് പ്രവര്‍ത്തകരെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളേയോ ഭരണകൂടത്തേയോ ആശ്രയിക്കേണ്ടെന്നും പാര്‍ട്ടിയില്‍ താഴേത്തട്ടില്‍ നേതാക്കളും പ്രവര്‍ത്തകരും ചര്‍ച്ച ചെയ്ത് എന്തുനീക്കം വേണമെങ്കിലും നടത്താനും ഒരു ഭരണാധികാരി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ കണ്ണിനു കണ്ണ് പല്ലിന് പല്ല് എന്ന രീതിയില്‍ പോരാട്ടം ഉറപ്പ്. താന്‍ തിരികെ വന്നാല്‍ നല്‍കേണ്ടിവരുന്ന വില മരണമാണെങ്കില്‍ അത് നേരിടാന്‍ തയാറാണെന്ന് ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും നിലപാട് വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിയുകയാണ്. പുതിയ പാസ്പോര്‍ട്ടിനായുള്ള ഹസീനയുടെ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചത് അവാമിലീഗ് പ്രക്ഷോഭകരെ ചൊടിപ്പിച്ചിട്ടുണ്ട്. 

ഹസീനയുടെ മടക്കവാര്‍ത്ത അറിഞ്ഞതോടെ കലാപാന്തരീക്ഷത്തിലാണ് രാജ്യം. പലയിടത്തു നിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വാഹനങ്ങള്‍ക്ക് വ്യാപകമായി തീയിട്ടു.  ഇടക്കാല സര്‍ക്കാരിന്‍റെ അധ്യക്ഷനായിരുന്ന മുഹമ്മദ് യൂനുസിന്‍റെ ചറ്റോഗ്രാമിലുള്ള തറവാടുവീട് അഗ്നിക്കിരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്. പിരോജ്പൂരിൽ ബസ് കത്തിച്ച സംഭവത്തിൽ ബസ് ജീവനക്കാരൻ കൊല്ലപ്പെട്ടതായും, ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. 

എന്നാല്‍ വിദേശത്തുള്ള അവാമിലീഗ് നേതാക്കളാണ് അക്രമത്തിന് ആഹ്വാനം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ ആരോപിച്ചു. ഇതിനിടെ മിനിമം വേതനം കൂട്ടണമെന്നാവശ്യപ്പെട്ട് വസ്ത്രനിർമാണ മേഖലയിലെ തൊഴിലാളികൾ കൂടി സമരമാരംഭിച്ചതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയാണ്. പ്രധാന പാതകളെല്ലാം ഉപരോധിച്ചതിനെത്തുടര്‍ന്ന് പൊലീസ് തൊഴിലാളി ഏറ്റുമുട്ടലുകളും രാജ്യത്ത് അവിടവിടെയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 

 

മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ നടത്തിയെന്ന് ആരോപിച്ച് ഷെയ്ക് ഹസീനയെ പ്രത്യേക ട്രൈബ്യൂണൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. വിധിക്കെതിരായ നിയമനടപടികൾ നേരിടാൻ സ്വമേധയാ തിരിച്ചെത്തുമെന്നാണ് ഹസീന അറിയിച്ചിരിക്കുന്നത്. അതേസമയം, ഉഭയകക്ഷി കരാർ പ്രകാരം ഹസീനയെ കൈമാറണമെന്ന് ബംഗ്ലദേശ് സർക്കാർ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാര്‍ഥി പ്രക്ഷോഭത്തിനു പിന്നാലെ 2024 ഓഗസ്റ്റ് അഞ്ചിന് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമിലീഗ് സര്‍ക്കാര്‍ പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് യൂനുസ് അധികാരമേറ്റത്. തുടര്‍ന്ന് യൂനുസ് സ്വീകരിച്ച ആദ്യ നടപടി അവാമി ലീഗിനെ പിരിച്ചുവിടുകയായിരുന്നു. ആയിരക്കണക്കിനു വരുന്ന നേതാക്കളേയും പ്രവര്‍ത്തകരേയും യൂനുസ് ജയിലിലടച്ചു.  കൂട്ടക്കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.  ഇക്കാലയളവില്‍ തന്നെ ഹസീനയുടെ പിതാവും ബംഗ്ലദേശ് സ്ഥാപകനുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ധന്‍മോണ്ടിയിലെ വീടും തീവച്ച് നശിപ്പിക്കപ്പെട്ടു. 1971ലെ വിമോചനയുദ്ധവുമായി ബന്ധപ്പെട്ട പ്രധാന സ്മാരകങ്ങളുള്‍പ്പെടെ തകര്‍ത്തു. യൂനുസ് സര്‍ക്കാര്‍ ഹസീനയെ വിചാരണ ചെയ്യുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. ഈ വധശിക്ഷ നിലനില്‍ക്കെയാണ് ഹസീന ഡിസംബറില്‍ ഇന്ത്യയില്‍ നിന്നും  തിരിച്ച് രാജ്യത്തേക്ക് മടങ്ങിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിയമനടപടികളെ നേരിടാന്‍ ഹസീന രാജ്യത്തേക്ക് മടങ്ങുമെന്ന സൂചനകള്‍ വന്നതോടെ ജൂലൈ മുതല്‍ തന്നെ രാജ്യത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കടുക്കുകയായിരുന്നു.  

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ധാക്കയില്‍ മാത്രം 24 മണിക്കൂറിനിടെ 565 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹസീന മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന നൂറുല്‍ ഇസ്‌ലാം നാഹിദും അറസ്റ്റിലായവരില്‍പ്പെടുന്നു. സംഘര്‍ഷ സാധ്യതാ മേഖലകളിലും പ്രധാന ജങ്ഷനുകളിലും അതിര്‍ത്തി രക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. അക്രമങ്ങൾക്ക് ഉത്തരവാദികളായവരെ ദൃശ്യങ്ങളും ശബ്ദരേഖകളും പരിശോധിച്ച് കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി സലാഹുദ്ദീൻ അഹമ്മദ് പാർലമെന്റിൽ വ്യക്തമാക്കി.

ENGLISH SUMMARY:

Severe political unrest and violence have erupted across Bangladesh ahead of exiled former Prime Minister Sheikh Hasina’s announced return from India in December 2026. As Hasina vows to return to face legal proceedings despite a death sentence and the government's rejection of her passport application, Prime Minister Tarique Rahman has called for fierce resistance to block her and the banned Awami League from making a comeback. The escalating turmoil has seen widespread arson—including an attack on former interim leader Muhammad Yunus’s ancestral home in Chattogram, strikes on Grameen Bank branches, a fatal bus burning in Pirojpur, and parallel minimum-wage protests by garment workers