ബംഗ്ലദേശില്‍ അക്രമം രൂക്ഷമാകുന്നതിനിടെ മുന്‍ ഇടക്കാല സര്‍ക്കാര്‍ മേധാവി മുഹമ്മദ് യൂനുസിന്റെ ചറ്റോഗ്രാമിലുള്ള തറവാടുവീട് അഗ്നിക്കിരയാക്കിയതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ബിഎന്‍പി (ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി) പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന അക്രമികള്‍ ധാക്കയിലെ മറ്റുരണ്ടു നേതാക്കളുടേയും വീടുകള്‍ ആക്രമിച്ചു. രാജ്യം കടുത്ത രാഷ്ട്രീയ അസ്ഥിരതയിലൂടെയാണ് കടന്നുപോകുന്നത്.
മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗണിനിടെയാണ് സംഘര്‍ഷം രൂക്ഷമാകുന്നത്. കഴിഞ്ഞ വര്‍ഷം പ്രത്യേക ട്രൈബ്യൂണല്‍ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ ദിവസത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ലോക്ഡൗണ്‍ ആഹ്വാനം ചെയ്തത്. ധാക്കയില്‍ നാടന്‍ ബോംബ് ആക്രമണമുള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അവാമി ലീഗ് പ്രവര്‍ത്തകരെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളേയോ ഭരണകൂടത്തേയോ മാത്രം ആശ്രയിക്കേണ്ടെന്നും പാര്‍ട്ടിയില്‍ താഴേത്തട്ടില്‍ നേതാക്കളും പ്രവര്‍ത്തകരും ചര്‍ച്ച ചെയ്ത് പ്രവര്‍ത്തിക്കണമെന്നുമാണ് താരിഖ് റഹ്മാന്‍ അണികളോട് ആവശ്യപ്പെട്ടത്.
പടിഞ്ഞാറന്‍ നരൈല്‍ ജില്ലയില്‍ ബിഎന്‍പി പ്രകടനത്തിനു നേരെ അവാമി ലീഗ് നടത്തിയ ആക്രമണത്തില്‍ രണ്ട് ഭരണകക്ഷി നേതാക്കള്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിക്കുന്നു. ഫരീദ്‌പൂരിലും പിറോജ്‌പൂരിലും അക്രമം രൂക്ഷമാവുകയാണ്. ബിഎന്‍പിയുടെ രണ്ട് ഓഫീസുകളും അക്രമികള്‍ തീവച്ചു നശിപ്പിച്ചു. ഇതിനു പകരമായി അവാമി ലീഗിന്റെ രണ്ട് ഓഫീസുകളും പാര്‍ട്ടി നേതാക്കളുടെ സ്വത്തുക്കളും അഗ്നിക്കിരയാക്കിയിട്ടുണ്ട്.
28 ജില്ലകളില്‍ നാടന്‍ ബോംബ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വാഹനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. അതേസമയം താന്‍ തിരികെ വന്നാല്‍ നല്‍കേണ്ടിവരുന്ന വില മരണമാണെങ്കില്‍ അത് നേരിടാന്‍ തയാറാണെന്ന് ബംഗ്ലദേശ ്മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു. ഇതിനിടെയാണ് വടക്കുകിഴക്കന്‍ സില്‍ഹെറ്റ്, രാജ്ഷാഹി, ബാരിഷാല്‍, ഫരീദ്പൂര്‍ എന്നിവിടങ്ങളില്‍ യൂനുസിന്റെ വീടിനും ഗ്രാമീണ്‍ ബാങ്ക് ശാഖകള്‍ക്കുനേരെയും ആക്രമണമുണ്ടായത്. അടുത്ത ഡിസംബറില്‍ രാജ്യത്ത് തിരിച്ചെത്തുമെന്നാണ് ഹസീന പ്രഖ്യാപിച്ചത്.
2024ഓഗസ്റ്റ് അഞ്ചിന് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമിലീഗ് സര്‍ക്കാര്‍ പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് യൂനുസ് അധികാരമേറ്റത്. തുടര്‍ന്ന് യൂനുസ് സ്വീകരിച്ച ആദ്യ നടപടി അവാമി ലീഗിനെ പിരിച്ചുവിടുകയായിരുന്നു. ആയിരക്കണക്കിനു വരുന്ന നേതാക്കളേയും പ്രവര്‍ത്തകരേയും യൂനുസ് ജയിലിലടച്ചു. കൂട്ടക്കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇക്കാലയളവില്‍ തന്നെ ഹസീനയുടെ പിതാവും ബംഗ്ലദേശ് സ്ഥാപകനുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ധന്‍മോണ്ടിയിലെ വീടും തീവച്ച് നശിപ്പിക്കപ്പെട്ടു. 1971ലെ വിമോചനയുദ്ധവുമായി ബന്ധപ്പെട്ട പ്രധാന സ്മാരകങ്ങളുള്‍പ്പെടെ തകര്‍ക്കപ്പെട്ടു. യൂനുസ് സര്‍ക്കാര്‍ ഹസീനയെ വിചാരണ ചെയ്യുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. ഈ വധശിക്ഷ നിലനില്‍ക്കെയാണ് ഹസീന ഡിസംബറില്‍ ഇന്ത്യയില്‍ നിന്നും തിരിച്ച് രാജ്യത്തേക്ക് മടങ്ങിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നിയമനടപടികളെ നേരിടാന്‍ ഹസീന രാജ്യത്തേക്ക് മടങ്ങുമെന്ന സൂചനകള്‍ വന്നതോടെ ജൂലൈ മുതല്‍ തന്നെ രാജ്യത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കടുക്കുകയായിരുന്നു. ന്യൂഡല്‍ഹിയുമായുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം ഹസീനയെ കൈമാറണമെന്ന് ബംഗ്ലദേശ് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു.
ഹസീനയുടെ ജന്‍മനാടായ തുങ്കിപ്പറയിലും അക്രമങ്ങള്‍ രൂക്ഷമായിരുന്നു. മുപ്പതോളം വരുന്ന പ്രവര്‍ത്തകരെ കസ്റ്റഡിയില്‍വച്ചിരുന്ന പൊലീസ് സ്റ്റേഷന്‍ നൂറോളം ആളുകള്‍ വളഞ്ഞതോടെ പൊലീസ് ഒഴിഞ്ഞുപോയതായും ചില പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമം നടത്തുന്നവരെ കണ്ടെത്തി കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി സലാഹുദ്ദീന്‍ അഹമ്മദ് വ്യക്തമാക്കുന്നു.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ധാക്കയില്‍ മാത്രം 24മണിക്കൂറിനിടെ 565 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹസീന മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന നൂറുല്‍ ഇസ്‌ലാം നാഹിദും അറസ്റ്റിലായവരില്‍പ്പെടുന്നു. സംഘര്‍ഷ സാധ്യതാ മേഖലകളിലും പ്രധാന ജങ്ഷനുകളിലും അതിര്‍ത്തി രക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.