പ്രതീകാത്മക ചിത്രം.
സംഘര്‍ഷാവസ്ഥയിലാണ് പാക് അധീന കശ്മീര്‍. ജൂണ്‍ 5നും 9നും ഇടയില്‍ പ്രദേശത്ത് പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. പാക്കിസ്ഥാൻ അധീനതയിലുള്ള കശ്മീരിലെ (PoK) റാവലകോട്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സമാധാനപരമായി സമരം ചെയ്ത സാധാരണക്കാർക്കുനേരെ പാക് സൈന്യവും അർദ്ധസൈനിക വിഭാഗവും നടത്തിയ വെടിവയ്പ്പ് വാര്‍ത്തയായതിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തുവരുന്നത്.
ഔദ്യോഗിക മരണസംഖ്യ 11 പുരുഷന്‍മാരാണെങ്കിലും കൊല്ലപ്പെട്ടവര്‍ ഇതിലുമധികമാണെന്നും ഇതില്‍ 19 കുട്ടികളും 7 ഗര്‍ഭിണികളുമടങ്ങുന്നെന്നാണ് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇരുനൂറിലധികം പേർക്ക് പരിക്കേറ്റതായുമാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത് എന്നാല്‍ ഇതിലുമധികമാകാം പരുക്കേറ്റവരുടെ എണ്ണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് കൂടാതെ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ വിസമതിച്ചതിന് പ്രദേശത്തെ പൊലീസ് സബ് ഇൻസ്‌പെക്ടർ സർദാർ ഇനായത്തിനെ സൈന്യം വധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് മേഖലയിലെ ജനങ്ങൾ. ഗോതമ്പ് മാവ് പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ അമിത വിലയും ഭീമമായ വൈദ്യുതി നിരക്കുമാണ് ജനങ്ങളെ ആദ്യം തെരുവിലേക്ക് ഇറക്കിയത്. തങ്ങളുടെ പ്രദേശത്തെ പ്രകൃതിവിഭവങ്ങൾ പാക്കിസ്ഥാന്‍ ചൂഷണം ചെയ്യുമ്പോൾ തങ്ങൾക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്ന ജനങ്ങളുടെ പരാതിയില്‍ നിന്നാണ് എല്ലാത്തിന്‍റെയും തുടക്കമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
വ്യാപാരികളും സാധാരണക്കാരും ചേർന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാക് അവഗണനയ്ക്കെതിരെ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചു. വിലക്കുറവിൽ മാവും വൈദ്യുതിയും നൽകുക, രാഷ്ട്രീയ അവകാശങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇവർ ദീർഘനാളായി സമാധാനപരമായ സമരത്തിലായിരുന്നു
ഇതിന് പിന്നാലെ വരാനിരിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പിന് മുന്നോടിയായി, ജൂൺ തുടക്കത്തില്‍ പാക്കിസ്ഥാൻ സർക്കാർ JAACയെ സര്‍ക്കാര്‍ ഒരു ഭീകരസംഘടനയായി മുദ്രകുത്തുകയും ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിക്കുകയും ചെയ്തു. സംഘടനയിലെ പ്രധാന നേതാക്കളെ പൊലീസ് രാത്രിക്ക് രാത്രി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് ജനങ്ങളില്‍ കുടുതല്‍ പ്രകോപനത്തിന് കാരണമായി.
ഇതിനിടയിൽ റാവല്‍കോട്ടിൽ വച്ച് ഒരു പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും JAAC നേതാവുമായ ഷഹസൈബ് ഹബീബ് സുരക്ഷാ സൈന്യവുമായുള്ള തര്‍ക്കത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഹബീബിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ജനക്കൂട്ടത്തിന് നേരെയും സൈന്യം വെടിവച്ചതോടെയാണ് പ്രതിഷേധം പൂർണ്ണമായും അക്രമാസക്തമായ വലിയൊരു ജനകീയ പ്രക്ഷോഭമായി മാറിയത്.