Image: x.com/Theunk5555
പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ഭീകരന്‍ ഹംസ ബുർഹാനെ അജ്ഞാതരായ തോക്കുധാരികൾ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പാക് അധീന കശ്മീരിലെ (പിഒകെ) മുസാഫറാബാദിൽ നടന്ന ആക്രമണത്തില്‍ ഹംസ ബുർഹാന് നിരവധി തവണ വെടിയേറ്റതായാണ് വിവരങ്ങള്‍. 'ഡോക്ടർ' എന്നറിയപ്പെടുന്ന പുൽവാമ നിവാസിയായ ഇയാളുടെ യഥാര്‍ഥ പേര് അർജുമന്ദ് ഗുൽസാർ ദാർ എന്നാണ്.
പുൽവാമയിലെ രത്‌നിപോറ മേഖലയിലെ ഖർബത്‌പോറയിൽ ജനിച്ച ബുർഹാൻ 2017 ൽ ഉന്നത പഠനത്തിനായാണ് പാകിസ്ഥാനിലേക്ക് പോയത്. എന്നാൽ, നിരോധിത ഭീകര സംഘടനയായ അൽ-ബദറിൽ ചേരുകയായിരുന്നു. ശേഷം സംഘടനയിലെ കമാൻഡാറായാണ് ഇയാള്‍ തിരിച്ചെത്തുന്നത്. കശ്മീരില്‍ മടങ്ങിയെത്തിയ ഇയാള്‍ യുവാക്കളെ ഭീകരാവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുകയും തെക്കൻ കശ്മീരിൽ, ബുർഹാൻ പുൽവാമ മുതൽ ഷോപ്പിയാൻ വരെ തന്‍റെ ശൃംഖല വികസിപ്പിക്കുകയും ചെയ്തു.
2019 ഫെബ്രുവരി 14-ന് നടന്ന പുൽവാമ ഭീകരാക്രമണം ഉൾപ്പെടെ ജമ്മു കശ്മീരിലെ നിരവധി ഭീകരവാദ പ്രവർത്തനങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ആസൂത്രണം ചെയ്ത ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് അന്ന് വീരമൃത്യുവരിച്ചത്. ലെത്‌പോറയിൽ 200 കിലോ സ്ഫോടകവസ്തുക്കള്‍ നിറച്ച കാറുമായെത്തിയ ഭീകരന്‍ സി.ആർ.പി.എഫിന്‍റെ വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റുകയായിരുന്നു. പന്ത്രണ്ടാംദിനം, ഫെബ്രുവരി 26ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. ജയ്ഷെ ഭീകരക്യംപുകള്‍ സ്ഥിതി ചെയ്യുന്ന പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ ബാലാകോട്ട് മലനിരകളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ മുന്നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.
2020 നവംബർ 18 ന് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിലും ഹംസ ബുർഹാന് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഇന്ത്യ ഇയാള്‍ക്കായി വന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ പാക് അധീന കശ്മീരിലേക്ക് രക്ഷപ്പെടുകയായിരുന്നു. 2022-ൽ കേന്ദ്രം ഹംസ ബുർഹാനെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം, ലഷ്കറെ തയിബ (എൽഇടി), ജയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളിലെ ഭീകരരെ ലക്ഷ്യമിട്ട് നടക്കുന്ന അജ്ഞാത ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഹംസ ബുർഹാന്‍റെ കൊലപാതകവും. കഴിഞ്ഞ മാസം, പഹൽഗാം ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ലഷ്കർ ഇ തൊയ്ബയുടെ സ്ഥാപക അംഗമായ അമീർ ഹംസയെ ലാഹോറിൽ വെച്ച് ബൈക്കിലെത്തിയ അജ്ഞാതരായ തോക്കുധാരികൾ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. മാർച്ചിൽ, ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ അൻവറും പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.