രാജ്യത്ത് നടത്താനിരുന്ന വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് ഡല്‍ഹി പൊലീസ്. വിവിധയിടങ്ങളില്‍ നിന്നായി ഒന്‍പതുപേരെ പിടികൂടി. പാക്കിസ്ഥാനില്‍നിന്ന് ഡ്രോണ്‍ വഴി കടത്തിയ ആയുധങ്ങളും പിടിച്ചെടുത്തു.
ഡല്‍ഹിയും മുംബൈയുമടക്കം നഗരങ്ങളില്‍ ഭീകരാക്രമണത്തിന് ആസൂത്രണം നടത്തിയ സംഘത്തെയാണ് ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ പിടികൂടിയത്. പാക് ചാരസംഘടനയായ ഐഎസ്ഐ, ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനി, മുംബൈ അധോലോകം എന്നിവയുമായി ബന്ധമുള്ള ഒന്‍പതംഗ സംഘത്തെയാണ് പിടികൂടിയത്. പാക് ആയുധശാലകളില്‍ നിര്‍മിച്ച ആയുധ, സ്ഫോടകവസ്തുശേഖരവും കണ്ടെത്തി.
ഇവ എന്‍എസ്ജിയുടെ സഹായത്തോടെ നിര്‍വീര്യമാക്കി. പഞ്ചാബ് അതിര്‍ത്തിയിലൂടെ ഡ്രോണ്‍ വഴിയാണ് ആയുധങ്ങള്‍ രാജ്യത്തേക്ക് കടത്തിയത്. കൂടുതല്‍പ്പേര്‍ പിടിയിലാകുമെന്നും സ്പെഷല്‍ സെല്‍ സിപി അനില്‍ ശുക്ല പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരെയും രാജ്യത്തെ പ്രധാന കേന്ദ്രങ്ങളെയും ആക്രമിക്കാനാണ് സംഘം ഉദ്ദേശിച്ചത്. തന്ത്രപ്രധാന കേന്ദ്രങ്ങള്‍, ആണവ നിലയങ്ങള്‍, വിമാന താവളങ്ങള്‍, വലിയ ബസ് ടെര്‍മിനലുകള്‍, റയില്‍വേ സ്റ്റേഷനുകള്‍, പാലങ്ങള്‍ എന്നിവിടങ്ങളില്‍ ആക്രമണത്തിന് സംഘം പദ്ധതിയിട്ടു.
അറസ്റ്റിലായവരുടെ സാമ്പത്തിക സ്രോതസ്സും പരിശോധിക്കുകയാണ്. പിടിയിലായവരില്‍ ഒരാള്‍ നേപ്പാള്‍ പൗരനാണ്. വിജയ് ഷൂട്ടര്‍, നൗകീന്‍ ഷെയ്ഖ്, അബ്ബാസ് ഖാന്‍, മുന്നാ എന്നിവരാണ് സംഘത്തിലെ പ്രധാനികള്‍. തന്ത്രപ്രധാന കേന്ദ്രങ്ങളുടെ വിഡിയോകളും കോര്‍ഡിനേറ്റുകളും ഇവര്‍ ശേഖരിച്ചിരുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.