Paramilitary soldiers and volunteers try to recover victims from an overturned train coach on a railway track at the site of a bomb explosion in Quetta, Pakistan, Sunday, May 24, 2026. AP/PTI(AP05_24_2026_000138B)
പാക്കിസ്ഥാനിലെ ക്വറ്റയില്‍ ട്രെയിന് നേരെ വന്‍ ചാവേര്‍ ആക്രമണം. 29 സൈനികര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരുക്കേറ്റു. സൈനികരും അവരുടെ കുടുംബാംഗങ്ങളുമായി സഞ്ചരിച്ച ട്രെയിനിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ചകാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. ചമന്‍ പട്ടകിലെ സിഗ്നലിലാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ചാവേറുകള്‍ നിര്‍ത്തിയിട്ടിരുന്നത്. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ ട്രെയിനിലെ രണ്ട് ബോഗികള്‍ക്ക് തീ പിടിച്ചു. കറുത്ത പുക പ്രദേശത്ത് നിറഞ്ഞു. സിഗ്നലിലുണ്ടായിരുന്ന മറ്റ് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചതായി വാര്‍ത്ത ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഫോടനത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ബലൂചിസ്ഥാന്‍ സര്‍ക്കാര്‍ വക്താവ് ബാബര്‍ യൂസഫ് സായ് അറിയിച്ചു. അതേസമയം, സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുത്തിട്ടുണ്ടോയെന്നത് സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചില്ല. സ്ഫോടനത്തിന്‍റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ട്രെയിനിലുണ്ടായിരുന്നവരെ ബോഗികളില്‍ നിന്ന് പുറത്തെടുത്തത്. അതേസമയം, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ക്വറ്റയില്‍ പാസഞ്ചര്‍ ട്രെയിന്‍ ആയുധധാരികള്‍ ഹൈജാക്ക് ചെയ്യുകയും 400 ലേറെ ആളുകളെ ബന്ദികളാക്കുകയും ചെയ്തത്. ബിഎല്‍എ പിന്നീട് ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 33 ഭീകരവാദികളെയും വകവരുത്തി യാത്രക്കാരെ സൈന്യം മോചിപ്പിക്കുകയും ചെയ്തു.