ഇന്ത്യാക്കാര്‍ക്കിപ്പോള്‍ പെട്രോള്‍, ഡീസല്‍ വില പോലെ താല്‍പര്യമുള്ള മറ്റൊരു വാര്‍ത്തയില്ല. യു.എസ്.– ഇറാന്‍ സംഘര്‍ഷം പാചകവാതകം വരെ പ്രതിസന്ധിയിലാക്കിയതോടെ എല്ലാവരും ഉറ്റുനോക്കുന്ന വാര്‍ത്തയാണ് ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടം. യുദ്ധം തീര്‍ന്നല്ലോ, ഇനി വില കുറയുമോ എന്നറിയാന്‍ കാത്തിരിക്കുന്നവര്‍ക്കു മുന്നിലേക്കാണ് പാക്കിസ്ഥാനിലെ ഇന്ധനവില കുറച്ച വാര്‍ത്ത ഇടിത്തീ പോലെ വന്നുവീഴുന്നത്.
പാക്കിസ്ഥാനില്‍ പെട്രോളിന് ഒറ്റയടിക്ക് 74 രൂപയും ഡീസലിന് 67 രൂപയുമാണ് കുറച്ചത്. പ്രധാനമന്ത്രി ഷെഹബാസ് ശരീഫ് തന്നെയാണ് ഇന്നലെ ഇന്ധനവില കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. രാജ്യാന്തരവിപണിയിലെ വിലയിടിവിന്റെ നേട്ടം പൂര്‍ണമായി ജനങ്ങളിലേക്കെത്തിക്കാനാണ് തീരുമാനമെന്നും ഷെഹബാസ് ഷെരീഫ് വിശദീകരിച്ചു. ഇതു കേട്ട്, കണ്ടില്ലേ പാക്കിസ്ഥാന്‍ വരെ കുറച്ചു എന്നു പറയാന്‍ വരട്ടെ. ഇത്രയും കുറച്ചിട്ടും പാക്കിസ്ഥാനിലെ പെട്രോള്‍ ഡീസല്‍ വില എത്രയാണെന്നു കൂടി കേട്ടിട്ടു പോകണം. പെട്രോളിന്റെ പുതിയ വില 299.78 രൂപ. എന്നുവച്ചാല്‍ കുറയ്ക്കുന്നതിനു മുന്‍പ് വില 373.78 രൂപ.
ഹൈ-സ്പീഡ് ഡീസൽ പുതിയ വില ലിറ്ററിന് 311.78 രൂപ. പഴയ വില: 378.78 രൂപ. പക്ഷേ പാക്കിസ്ഥാന്‍ രൂപയുടെ മൂല്യവും ഇന്ത്യന്‍ രൂപയുടെ മൂല്യവും താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നു കൂടി ഓര്‍ക്കണമല്ലോ. മൂന്നു പാക്കിസ്ഥാന്‍ രൂപയ്ക്കടുത്തുണ്ടെങ്കിലേ ഒരു ഇന്ത്യന്‍ രൂപ കിട്ടൂ. കൃത്യമായി പറഞ്ഞാല്‍ 2.95 പാക് രൂപയുടെ മൂല്യം ഒരു ഇന്ത്യന്‍ രൂപയ്ക്കുണ്ട്. മൂന്നു ലീറ്റര്‍ പെട്രോള്‍ അടിക്കാന്‍ ആയിരം രൂപയ്ക്കടുത്തു വേണമെന്നറിയുമ്പോള്‍ ഇന്ത്യയിലെ പെട്രോള്‍ വില മഹത്തരം എന്നു സമ്മതിക്കേണ്ടിവരും. മാത്രമല്ല, യുദ്ധത്തെത്തുടര്‍ന്ന് ക്രൂഡോയില്‍ വില ഉയര്‍ന്നതോടെ ഏപ്രിലില്‍ പാക്കിസ്ഥാന്‍ ഒറ്റയടിക്ക് പെട്രോളിന് 137 രൂപയും ഡീസലിന് 184 രൂപയും കൂട്ടിയിരുന്നു. അന്ന് പെട്രോളിന് ലീറ്ററിന് 458 രൂപയും ഡീസലിന് 520 രൂപയുമായിരുന്നു വില.
എന്തായാലും പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകുകയെന്നതിനാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി ഷരീഫ് ഊന്നിപ്പറഞ്ഞു. ആഗോള എണ്ണപ്രതിസന്ധിയെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളിലും കടുത്ത വിലക്കയറ്റത്തിലും ജനങ്ങൾ കാണിച്ച അസാധാരണമായ ക്ഷമയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ഹോര്‍മുസ് അടഞ്ഞതോടെ ക്രൂഡോയില്‍, എല്‍.എന്‍.ജി ഇറക്കുമതി തടസപ്പെട്ടത് പാക്കിസ്ഥാനില്‍ വന്‍പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ആഭ്യന്തരവിലക്കയത്തിനെതിരെ വന്‍ പ്രതിഷേധമുണ്ടായി. പണപ്പെരുപ്പം കത്തിക്കയറി. വിലക്കയറ്റവും ഇന്ധനപ്രതിസന്ധിയും കാരണം സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്‍പ്പെടെ അവധിയും വര്‍ക്ക് ഫ്രം ഹോമും ഒക്കെ നല്‍കേണ്ടി വന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയായതോടെയാണ് ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞത്. പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരുന്നതില്‍ പാക്കിസ്ഥാന്റെ പങ്ക് പ്രധാനമായിരുന്നുവെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് ഷഹബാസ് ഷരീഫ് ഇന്ധനവില കുറച്ച വിവരം അറിയിച്ചത്. പക്ഷേ തൊട്ടുപിന്നാലെ സമാധാനക്കരാറില്‍ വീണ്ടും അനിശ്ചിതത്വം എന്ന വാര്‍ത്ത പുറത്തു വരികയും ക്രൂഡ് വില വീണ്ടും ഉയരുകയും ചെയ്തു.