കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് കാന്തപുരം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സന്ദര്‍ശനത്തിന് പ്രാധാന്യമേറെയാണ്.
രാവിലെ പത്തരയോടെ സേവാ തീര്‍ഥിലെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ എത്തിയാണ് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പ്രധാനമന്ത്രിയെ കണ്ടത്. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. സാമൂഹിക, മാനുഷിക വിഷയങ്ങളും കേരളത്തിന്‍റെ വികസനവും ചര്‍ച്ചയായെന്ന് കാന്തപുരം പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളുമായി കേന്ദ്രം അടുത്തിടപഴകേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞു. അലിഗഡ് സര്‍വകലാശാല മലപ്പുറം സെന്‍റര്‍ വികസനം, ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികള്‍ പുനസ്ഥാപിക്കല്‍, വഖഫ്, എസ്.ഐ.ആര്‍. ആശങ്കകള്‍ എന്നിവ പങ്കുവച്ചെന്നും കാന്തപുരം പറഞ്ഞു. Also Read: മൽസരിച്ച് പരാജയപ്പെട്ടാൽ മറ്റ് പദവിയില്ല; മുന്നറിയിപ്പുമായി കെ.സി.വേണുഗോപാല്‍
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് പറയുമ്പോഴും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രിയെ പ്രത്യേകം കണ്ടതിന് പ്രാധാന്യമുണ്ട്. മലബാര്‍ മേഖലയില്‍ കാന്തപുരത്തിനുള്ള സ്വാധീനം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.