.
ഒടിടി പ്ലാറ്റ്‌ഫോമുകളിലെയും സിനിമകളിലെയും ഉള്ളടക്കം അനധികൃതമായി പ്രചരിപ്പിക്കുന്നതിനെതിരെ ടെലിഗ്രാമിന് കേന്ദ്രസർക്കാർ നോട്ടിസ് നൽകി. ജിയോസിനിമ, ആമസോൺ പ്രൈം വിഡിയോ ഉൾപ്പെടെയുള്ള ഒടിടി കമ്പനികളുടെ പരാതിയെ തുടർന്നാണ് നടപടി. കേന്ദ്ര വാർത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയമാണ് നോട്ടിസ് നൽകിയത്.
സിനിമകളും വെബ് സീരിസുകളും ഉൾപ്പെടെയുള്ള പൈറസി ഉള്ളടക്കം പങ്കുവച്ചിരുന്ന 3,142 ടെലിഗ്രാം ചാനലുകൾ കണ്ടെത്തിയതായി സർക്കാർ അറിയിച്ചു. ഐടി നിയമപ്രകാരം പുറപ്പെടുവിച്ച നോട്ടിസിൽ ഇത്തരം ഉള്ളടക്കം ഉടൻ നീക്കം ചെയ്യാനും പൈറസി തടയാൻ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കാനും ടെലിഗ്രാമിനോട് നിർദേശിച്ചു. ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ പകർപ്പവകാശ സംരക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.