നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ച് പരാജയപ്പെട്ടാൽ മറ്റ് പദവികൾ ലഭിക്കില്ലെന്ന് കെപിസിസി നേതൃയോഗത്തിൽ മുന്നറിയിപ്പ്. പരാജയപ്പെട്ടാലും സർക്കാരുണ്ടാകുമ്പോൾ പദവി ലഭിക്കുമെന്ന് കരുതരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നൽകി. അതേസമയം, അർഹതയുണ്ടായിട്ടും മാറിനിൽക്കുന്നവരെ തത്തുല്യ പദവികളിലേക്ക് പരിഗണിക്കും. അത്തരക്കാർക്കായിരിക്കും ബോർഡ് കോർപറേഷനുകളിൽ പദവി ലഭിക്കുകയെന്നും കെ.സി വ്യക്തമാക്കി. Also Read: 'കമ്മ്യൂണിസ്റ്റുകളെ വെറുക്കുന്നതിനേക്കാള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം വെറുക്കുന്നു'; വിമര്‍ശനം തുടര്‍ന്ന് മണിശങ്കര്‍ അയ്യര്‍
സ്ഥാനാർഥി നിർണയം മെറിറ്റ് അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന പൊതുവികാരം നേതൃയോഗത്തിൽ ഉയർന്നു. കേന്ദ്ര നിരീക്ഷകൻ സച്ചിൻ പൈലറ്റ് കൂടി പങ്കെടുത്ത യോഗത്തിൽ സ്ഥാനാർഥി നിർണയം അതിവേഗം പൂർത്തിയാക്കാനും തീരുമാനമായി. സെമിഫൈനലിൽ കോൺഗ്രസ് ജയിച്ചെന്നും ഫൈനലിലും കപ്പടിക്കുമെന്നും യോഗശേഷം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു
അതേസമയം, ഇടത് ബന്ധം ഉപേക്ഷിച്ച നടൻ പ്രേംകുമാർ യുഡിഎഫ് സ്ഥാനാർഥിയായേക്കും. കഴക്കൂട്ടം, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളിൽ ഒന്നിൽ പ്രേംകുമാറിനെ പരിഗണിക്കും. പ്രേംകുമാറിനെ പോലുള്ളവരെ ചേർത്തുനിർത്തുമെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. നടൻ ജയൻ ചേർത്തലയും കെ.സിയുമായി കൂടിക്കാഴ്ച നടത്തി. നാളെ കോട്ടയത്തെ കോണ്‍ഗ്രസ് പരിപാടിയില്‍ പ്രേംകുമാര്‍ മുഖ്യാതിഥിയാകും.
വി എസിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ.സുരേഷ് മലമ്പുഴയിൽ യു ഡി എഫ് സ്ഥാനാർത്ഥിയാവും. നാളെ പാലക്കാട് വച്ച് വി ഡി സതീശൻ നയിക്കുന്ന പുതു യുഗ യാത്രയിലും സുരേഷ് എത്തും. അതേസമയം സുരേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും മലമ്പുഴയിൽ സി പി എമ്മിന്റെ ഒരു വോട്ടും കിട്ടില്ലെന്നുമായിരുന്നു എം.വി.ഗോവിന്ദന്റെ പ്രതികരണം.