Untitled design - 1

പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ വസതിക്കുമുന്‍പിലെ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികള്‍ക്ക് അമര്‍ഷം. സിപിഐ, മുസ്ലിം ലീഗ്, ആര്‍എസ്പി, കേരള കോണ്‍ഗ്രസ് നേതൃത്വം കോണ്‍ഗ്രസിനെ അതൃപ്തി അറിയിച്ചു. കോണ്‍ഗ്രസ് തനിച്ച് സമരം നടത്തിയത് ശരിയായില്ലെന്ന നിലപാടിലാണ് ഘടകകക്ഷികള്‍. അതേസമയം, പെട്ടെന്നുള്ള തീരുമാനമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കി.

കേന്ദ്രത്തെ വിറപ്പിച്ച് കോണ്‍ഗ്രസ്: വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍റെ രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ ധര്‍ണ രാജ്യതലസ്ഥാനത്തെ സംഘര്‍ഷഭരിതമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമടക്കം മുതിര്‍ന്ന നേതാക്കളെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു. ഉന്തിലും തള്ളിലും നിലത്തു വീണ കെ.സി വേണുഗോപാലിന് പരിക്കേറ്റു. മുഖ്യമന്ത്രിമാരായ വി.ഡി സതീശനും ഡി.കെ ശിവകുമാറും സമരത്തില്‍ പങ്കെടുത്തു.

Also Read: 'നമ്മുടെ മക്കള്‍ പട്ടിണിയാവരുത്'; സമരമുഖത്തേക്ക് സ്വിഗി ഓര്‍ഡര്‍ കൊടുത്ത് അജ്ഞാതര്‍

അപ്രതീക്ഷിതവും അസാധാരണവുമായിരുന്നു കോണ്‍ഗ്രസിന്‍റെ നീക്കം. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക്. സുരക്ഷാ സേന നോക്കിനില്‍ക്കെ അതീവ സുരക്ഷാമേഖലയിലെ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളി ആരംഭിച്ചു. കേരളഹൗസിലുണ്ടായിരുന്ന മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രി പി.സി വിഷ്ണുനാഥുമടക്കം നേതാക്കള്‍ ലോക് കല്യാണ്‍ മാര്‍ഗിലേക്ക് കുതിച്ചു. വാഹനങ്ങള്‍ തടഞ്ഞതോടെ കാല്‍നടയായും ഓടിയും നേതാക്കള്‍ സമരവേദിയിലെത്തി. കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും സമരഭൂമിയിലേക്കെത്തി.

പിരിഞ്ഞുപോകണം എന്ന ഡല്‍ഹി പൊലീസിന്‍റെ തുടര്‍ച്ചയായ അഭ്യര്‍ഥന നേതാക്കള്‍ അവഗണിച്ചു. ഇതോടെ കൂടുതല്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി. കാര്യങ്ങള്‍ വഷളാകുന്നത് മനസിലായപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിങ് നേരിട്ടെത്തി മധ്യസ്ഥ ശ്രമം നടത്തി. ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ഗാന്ധി. മന്ത്രി മടങ്ങി അല്‍പസമയം കഴിഞ്ഞതും പൊലീസ് നേതാക്കളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി. പ്രിയങ്ക ഗാന്ധിയെ റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തിലേത്തിച്ചു . പൊലീസ് വാഹനത്തില്‍ കയറില്ലെന്ന് ശഠിച്ച വയനാട് എംപിയുമായി പുരുഷ പൊലീസടക്കം മല്‍പിടുത്തം. രാഹുല്‍ഗാന്ധിയെയും തൂക്കിയെടുത്ത് വാഹനത്തില്‍ കയറ്റി. പൊലീസുമായുള്ള പിടിവലിയില്‍ നിലത്തുവീണ കെ.സി വേണുഗോപാലിന് പരുക്കേറ്റു.

പിന്‍മാറില്ലെന്ന് വാശിപിടിച്ച ഡി.കെ ശിവകുമാറിനെ അവസാനം മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി അനുനയിപ്പിച്ച് കൊണ്ടുപോയി. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെയും പരീക്ഷ ക്രമക്കേടിന്‍റെയും ഉത്തരവാദിത്തമേറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ രാജിവയ്ക്കണം എന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെയാണ് കോണ്‍ഗ്രസ് തെരുവുപ്രതിഷേധത്തിന് ഇറങ്ങിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മൂന്നര മണിക്കൂറിന് ശേഷം വിട്ടയച്ചു. ഇവർക്കൊപ്പം കസ്റ്റഡിയിലുണ്ടായിരുന്ന മറ്റു നേതാക്കളെയും എംപിമാരെയും വിട്ടയച്ചിട്ടുണ്ട്. പുറത്തിറങ്ങിയ പ്രിയങ്ക ഗാന്ധി സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ചു. പ്രതിഷേധിക്കുകയെന്നത് മൗലികാവകാശമാണെന്നും തന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ലെന്നും പ്രിയങ്ക പറഞ്ഞു.

ENGLISH SUMMARY:

Congress protest outside Prime Minister Narendra Modi's residence has caused discontent among INDIA alliance partners. Congress leaders, including Rahul Gandhi, were taken into custody by the police during the demonstration.