വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വലിച്ചിഴച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്തുന്തോറും കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കുമെന്നും പൊലീസിനൊപ്പം ലാത്തിയുമായി ഗുണ്ടാസംഘവും വിദ്യാര്‍ഥികളെ നേരിട്ടത് അപലപനീയമാണെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പിണറായി വ്യക്തമാക്കി. ആഴ്ചകള്‍ പിന്നിടുന്ന സമരത്തിന് തുടക്കം മുതല്‍ തന്നെ ഇടതു വിദ്യാര്‍ഥി സംഘടനങ്ങളുടെ ഐക്യദാര്‍ഢ്യമുണ്ടായിരുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറിയും നേതാക്കളും പൊലീസ് അതിക്രമത്തെ ചെറുത്ത് സംരക്ഷണവലയം തീര്‍ത്തിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
അതേസമയം, നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാണ് ടിവികെ ആവശ്യമുയര്‍ത്തുന്നത്. ജനാധിപത്യമാണ് ഡല്‍ഹിയില്‍ ചവിട്ടിയരയ്ക്കപ്പെടുന്നതെന്നും രാഹുല്‍ഗാന്ധിയോടുള്ള പെരുമാറ്റം അപലപനീയമാണെന്നും ടിവികെ പ്രസ്താവനയിറക്കി. പ്രതിപക്ഷ നേതാവെന്ന പരിഗണന പോലുമില്ലാതെയാണ് കൈവിലങ്ങ് വച്ച് രാഹുലിനെ വലിച്ചിഴച്ചതെന്നും ആക്രമിച്ചതെന്നും ഇത് ജനാധിപത്യ ധ്വസനമാണെന്നും ടിവികെ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. നീറ്റ് നടപ്പിലാക്കിയത് മുതല്‍ അതിന് സുതാര്യതയില്ലെന്നും കുട്ടികളെ അകാരണമായി മാനസിക സമ്മര്‍ദത്തിലാക്കുന്നുവെന്നും ടിവികെയും കുറിപ്പില്‍ പറയുന്നു. വര്‍ഷാവര്‍ഷം നീറ്റ് പരീക്ഷയുടെ സമ്മര്‍ദം കാരണം ജീവനൊടുക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരികയാണെന്നും പരീക്ഷ നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും ടിവികെ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് രാഹുലും കോണ്‍ഗ്രസും ചെയ്യുന്നതെന്ന് വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആരോപിച്ചു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം നടത്തിയത് വഴി മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണ് രാഹുല്‍ ശ്രമിച്ചതെന്നും സുരക്ഷാസംവിധാനങ്ങളെ പരിഹസിച്ചുവെന്നും ധര്‍മേന്ദ്ര പ്രധാന്‍ ആരോപിച്ചു.