കോണ്‍ഗ്രസിനെതിരായ വിമര്‍ശനം തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. കമ്മ്യൂണിസ്റ്റുകളെ വെറുക്കുന്നതിനേക്കാള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം വെറുക്കുന്നുവെന്നും അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മൂന്നാമതും പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമെന്നായിരുന്നു മണിശങ്കര്‍ അയ്യര്‍ ഇന്നലെ പറഞ്ഞത്. വിഷന്‍ 2031; വികസനവും ജനാധിപത്യവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു വാക്കുകള്‍.
എനിക്ക് കോണ്‍ഗ്രസ് ജയിക്കണം എന്നാണ്. പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ഭിന്നത കാരണം ഇതിന് സാധ്യതയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ കമ്മ്യൂണിസ്റ്റുകളെ വെറുക്കുന്നതിനേക്കാള്‍ പരസ്പരം വെറുക്കുന്നു. അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ ഐക്യമുള്ളവരാണ്. അച്ചടക്കമുള്ള പാര്‍ട്ടിയാണ്. രണ്ടുതവണ ഭരണത്തില്‍ വന്നു എന്നും മണിശങ്കര്‍ അയ്യര്‍ സൂചിപ്പിച്ചു.
പിണറായിയെ സ്തുതിച്ച മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയോട് കോണ്‍ഗ്രസ് നേതൃത്വം അകലം പാലിച്ചിരുന്നു. അദ്ദേഹത്തിന് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തിപരമായാണ് സംസാരിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞത്. എന്നാല്‍ പവന്‍ ഖേര 'പാവ'യാണെന്ന് മണിശങ്കര്‍ അയ്യര്‍ എന്‍ഡിടിവിയോട് പറഞ്ഞു. പവന്‍ ഖേരയെ വക്താവ് സ്ഥാനത്ത് നിന്നും മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് നിലവിലുള്ള അവസ്ഥയില്‍ തന്നെയായിരിക്കും എന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. തരൂരിന് അടുത്ത വിദേശകാര്യ മന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.