ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഉപഭോക്താവിനോട്  ആക്രോശിക്കുന്ന ബങ്ക്  ജീവനക്കാരിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടത്ത പ്രതിഷേധം. ജീവനക്കാരി മോശമായി പെരുമാറുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ് . ഉത്തർപ്രദേശിലെ കാൺപൂരില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.  ഉപഭക്താവിനോട് ജീവനക്കാരി മോശമായി പെരുമാറുന്നതും സ്വന്തം ജാതിപ്പേര് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

സ്വകാര്യബാങ്കിന്‍റെ കാൺപൂരിലെ പങ്കി ബ്രാഞ്ചിലാണ് സംഭവം നടന്നത്. ആസ്ത സിങ് എന്ന ഉദ്യോഗസ്ഥയാണ് വിഡിയോയിലുള്ളതെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കയ്യിലിരുന്ന ലാപ്ടോപ്പ് ഉയർത്തി യുവാവിനെ അടിക്കാൻ ആയുന്നതും ദൃശ്യങ്ങളിലുണ്ട്. "ഞാൻ ഒരു ഠാക്കൂർ (Thakur) ആണ്, എന്നോട് കളിക്കാൻ നിൽക്കരുത്" എന്ന് ആവർത്തിച്ചു പറയുന്ന ഇവർ ഉപഭോക്താവിനെ തല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്.

എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ഇടങ്ങളിൽ വിഡിയോ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബാങ്ക് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രൊഫഷണലിസമില്ലായ്മയെയും ജാതി വെറിയെയും പലരും രൂക്ഷമായി വിമർശിച്ചു.  ഉദ്യോഗസ്ഥയെ ജോലിയിൽ നിന്ന് പുറത്താക്കണമെന്നും കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നിരവധി ആളുകൾ ബാങ്കിന്റെ ഔദ്യോഗിക പേജുകളിൽ കയറി പ്രതികരിച്ചു. സംഭവത്തിൽ ബാങ്ക് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതുവരെ പൊലീസിൽ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. 

ENGLISH SUMMARY:

Bank employee abusive to customer sparks outrage online. The viral video from Kanpur shows a bank employee making casteist remarks and threatening a customer, leading to widespread condemnation.