AI Generated Image
ഉത്തർപ്രദേശിലെ ഹമീർപൂരിൽ ലക്ഷങ്ങളുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭർത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. ജൂലൈ 29-നാണ് ഹമീർപൂരിലെ റോഡരികിൽ റീത്ത എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ ഇതൊരു സാധാരണ വാഹനാപകടമാണെന്നാണ് കരുതിയതെങ്കിലും പൊലീസ് നടത്തിയ ശാസ്ത്രീയവും വിശദവുമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകവിവരം പുറത്തുവന്നത്. സംഭവത്തിൽ ഭർത്താവ് അമർ സിംഗിനെയും കൂട്ടുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു.
അമര്‍സിങ് തന്റെ ഭാര്യയുടെ പേരില്‍ എടുത്ത 44 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വടി കൊണ്ട് ക്രൂരമായി മർദിച്ച ശേഷം പ്രതികൾ യുവതിയെ കാറിടിപ്പിച്ച് വീഴ്ത്തുകയും മരണം പൂർണ്ണമായും ഉറപ്പാക്കാൻ ഇതേ കാർ വീണ്ടും യുവതിയുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയുമായിരുന്നു. അപകടമരണം എന്ന് വരുത്തിതീർക്കാനായിരുന്നു ഈ നാടകം.
കൊലപാതകത്തിന് ശേഷം സംശയങ്ങൾ പൂർണ്ണമായും ഒഴിവാക്കാനായി, ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് അമർ സിംഗ് തന്നെ പ്രാദേശിക പൊലീസിൽ പരാതി നൽകി. അന്വേഷണം വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം. ബുധനാഴ്ചയാണ് ഹാമിർപൂരിലെ ഒരു ക്ഷേത്രത്തിനടുത്ത് നിന്ന് റീത്തയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ എല്ലാ അവയവങ്ങളും തകര്‍ന്ന നിലയിലായിരുന്നു. കൂടാതെ പോസ്റ്റ്മോര്‍ട്ടത്തില്‍ 12 ആന്തരിക മുറിവുകളും കണ്ടെത്തി.
2002ല്‍ ആദ്യ വിവാഹം കഴിഞ്ഞ റീത്തയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഈ ബന്ധത്തിൽ മൂന്ന് പെൺമക്കളും ഒരു ആൺകുട്ടിയും ഉണ്ട്. ആദ്യഭർത്താവിന്‍റെ മരണശേഷമാണ് റീത്ത അമറിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.