AI Generated Image
സഹോദരന്റെ ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് 22കാരനെ കുത്തിക്കൊലപ്പെടുത്തി. കിഴക്കൻ ഡൽഹിയിലെ മാണ്ഡവലിയില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സംഭവത്തില്‍ 22കാരനായ കേശവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Also Read: മാസങ്ങളോളം പിന്തുടർന്നു, ഒടുവിൽ വെടിവെച്ച് കൊന്നു; കലിഫോർണിയയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു
ഗ്യാൻ വാടിക സ്കൂളിന് സമീപത്തുവെച്ചാണ് വാൻഷ് ദെധയെന്ന യുവാവ് ആക്രമിക്കപ്പെട്ടത്. കേശവും കൂടെയുണ്ടായിരുന്ന സുഹൃത്തും ചേർന്ന് വാൻഷിനെ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു. മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് 17 തവണ കുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവമറിഞ്ഞെത്തിയ പൊലീസ് വാൻഷിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Also Read: 2 വയസുളള പശുവിന് നേരെ പ്രകൃതിവിരുദ്ധ പീഡനം; യുവാവിനെ കയ്യോടെ പിടികൂടി ഉടമ; അറസ്റ്റ്
തന്റെ സഹോദരന്റെ ഭാര്യയുമായി വാൻഷിന് ബന്ധമുണ്ടെന്ന കേശവിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ കേശവിനെ കരാവൽ നഗറിലെ വസതിയിൽ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി, കൃത്യം നടത്തുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, സഞ്ചരിച്ച സൈക്കിൾ എന്നിവ പൊലീസ് കണ്ടെടുത്തു. രണ്ടാമത്തെ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരിച്ച വാൻഷ് എന്ന് ബന്ധുക്കള്‍ പറയുന്നു. 11 വർഷം മുന്‍പ് അച്ഛന്‍ മരിച്ചതിനു പിന്നാലെ പ്ലസ്ടു പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിന്നാലെ കുടുംബം പോറ്റാനായി കെട്ടിടനിര്‍മാണ മേഖലയില്‍ ജോലിയാരംഭിച്ചു. അമ്മയും അനിയനും മൂന്ന് സഹോദരിമാരും അടങ്ങുന്നതാണ് കുടുംബം. സഹോദരിമാരുടെ വിദ്യാഭ്യാസ ചെലവുള്‍പ്പെടെ നോക്കിയിരുന്ന വാന്‍ഷ് മൂത്ത സഹോദരിയുടെ വിവാഹത്തിനുള്ള തയാറെടുപ്പിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. കൊലപാതകത്തിന് പിന്നിൽ കൂടുതൽ പേര്‍ക്ക് പങ്കുണ്ടോയെന്നറിയാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പൊലീസ് പരിശോധിച്ചു വരികയാണ്.