Image: X

അമേരിക്കയിലെ കലിഫോർണിയയിൽ ഇന്ത്യൻ വംശജയെ വെടിവെച്ചുകൊന്ന് ഇന്ത്യക്കാരനായ യുവാവ്. 38-കാരിയായ ശാലിനി ഠാക്കൂർ ആണ് കൊല്ലപ്പെട്ടത്. മാസങ്ങളോളം തുടർച്ചയായി പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയായിരുന്നു പ്രതിയുടെ ക്രൂരകൃത്യം. ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയായ 22 കാരന്‍ രോഹിത്, പൊലീസ് പിന്തുടർന്നതോടെ കാറിനുള്ളിൽ വെടിവെച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. യുവതിയെ പിന്തുടരാൻ അത്യാധുനിക സാങ്കേതികവിദ്യയും തന്ത്രങ്ങളുമാണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ സാക്രമെന്റോയിലെ ആർഡൻ-ആർക്കേഡ് പ്രദേശത്തുള്ള ഒരു റെസ്റ്റോറന്റിന് പുറത്തുവെച്ചാണ് ശാലിനിയെ പ്രതി കൊലപ്പെടുത്തിയത്. കാറിൽ നിന്നിറങ്ങിയ ശാലിനിയെ പാർക്കിങ് ഏരിയയിലൂടെ ഓടിച്ചിട്ട് ഒന്നിലധികം തവണ വെടിവെക്കുകയായിരുന്നു. നിലത്തുവീണ ശാലിനിയുടെ തലയിലേക്ക് വീണ്ടും വെടിയുതിർത്ത ശേഷം പ്രതി കാറിൽ കടന്നുകളഞ്ഞു. ശാലിനി സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു.

തുടർന്ന് സാക്രമെന്റോ കൗണ്ടി ഷെരീഫ് വിഭാഗവും ഹൈവേ പട്രോൾ വിഭാഗവും നടത്തിയ തിരച്ചിലിൽ ഹൈവേ 50-ൽ വെച്ച് പ്രതി സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തുകയും പിന്തുടരുകയും ചെയ്തു. പൊലീസ് തടഞ്ഞുനിർത്താൻ ശ്രമിച്ചതോടെ, കീഴടങ്ങാന്‍ തയ്യാറാകാതിരുന്ന രോഹിത് കാറിനുള്ളിൽ വെച്ചുതന്നെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ഡോർഡാഷ് ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന രോഹിത് കഴിഞ്ഞ ഒരു വർഷത്തോളമായി ശാലിനിയെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ശാലിനി വിവാഹാഭ്യർഥന നിരസിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. യാത്രാവിവരങ്ങളും ലൊക്കേഷനും ചോർത്താൻ പ്രതി ശാലിനിയുടെ കാറിന്റെ ബോണറ്റിനടിയിൽ രഹസ്യമായി ആപ്പിൾ എയർടാഗ് ഘടിപ്പിച്ചിരുന്നു. മാത്രമല്ല, കാറിന്റെ ടയറിന്റെ കാറ്റഴിച്ചുവിട്ട ശേഷം, സഹായിക്കാനെന്ന വ്യാജേന എത്തി ബന്ധം സ്ഥാപിക്കാനും പ്രതി ശ്രമിച്ചിരുന്നു. ശാലിനിയുടെ വീടിന്റെ താക്കോൽ കൈക്കലാക്കി യുവതി ഉറങ്ങിക്കിടക്കുമ്പോൾ മുറിക്കുള്ളിൽ കടന്നുകയറുന്ന സ്ഥിതി വരെയുണ്ടായി. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ശാലിനിയെ കൊല്ലുമെന്നും സ്വയം വെടിവെച്ചു മരിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. മണിക്കൂറുകളോളം വീടിന് പുറത്ത് കാറുമായി കാത്തുകിടക്കുക, ശാലിനിയെ ആരുമായും ഇടപഴകാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ മാനസിക പീഡനങ്ങളും പ്രതി തുടർന്നിരുന്നു.

ശല്യം സഹിക്കവയ്യാതെ മെയ് മാസത്തിൽ ശാലിനി കോടതിയെ സമീപിച്ച് ഒരു വിലക്ക് ഉത്തരവ് (Restraining Order) സമ്പാദിച്ചിരുന്നു. എന്നാൽ പ്രതി ഇത് കാറ്റിൽപ്പറത്തി വീണ്ടും ഭീഷണി തുടർന്നു. ജൂലൈ 29-ന് പ്രതി ഇത് ലംഘിച്ച് ശാലിനിയുടെ വീടിന് മുന്നിലെത്തി വീണ്ടും ഭീഷണിപ്പെടുത്തി. പിന്നാലെയാണ് കൊലപാതകം. തുടർച്ചയായി പൊലീസിൽ പരാതി നൽകുകയും കോടതി ഉത്തരവ് നേടുകയും ചെയ്തിട്ടും ശാലിനിക്ക് സംരക്ഷണം നൽകാൻ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാഞ്ഞത് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ കടുത്ത രോഷത്തിനും പ്രതിഷേധത്തിനും വഴിവെച്ചിട്ടുണ്ട്.

അതേസമയം, 2023-ൽ അരിസോണ അതിർത്തി വഴി അനധികൃതമായി യു.എസിലേക്ക് കടന്നയാളാണ് പ്രതിയായ രോഹിത്തെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ഇയാളെ അതിർത്തി സുരക്ഷാ വിഭാഗം പിടികൂടിയിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

ENGLISH SUMMARY:

A 38-year-old Indian-origin woman, Shalini Thakur, was brutally shot dead outside a restaurant in Sacramento, California, by a 22-year-old stalker named Rohit. The suspect used advanced tracking methods, including placing an Apple AirTag under her car bonnet, to monitor her movements after she rejected his marriage proposal. Following an intense police chase on Highway 50 after the murder, Rohit shot himself inside his vehicle and later succumbed to his injuries at a hospital. The tragic incident has sparked severe outrage among the Indian community in the US over police failure to protect her, despite a court-issued restraining order and multiple prior complaints against the illegal immigrant suspect.