ഇന്ത്യന്‍ വംശജയെ കാലിഫോർണിയയില്‍വെച്ച് കൊല്ലപ്പെടുത്തി പ്രതി ജീവനൊടുക്കി. 38 കാരിയായ ശാലിനി താക്കൂറാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പ്രതിയായ 22കാരൻ രോഹിത് മാസങ്ങളായി ശാലിനിയെ ശല്യപ്പെടുത്തിയിരുന്നു. സാക്രമെന്റോയിലെ ആർഡൻ ആർക്കേഡ് ഏരിയയിലുള്ള ഒരു റസ്റ്റോറന്‍റിന് പുറത്തുവച്ചാണ് ശാലിനിക്ക് വെടിയേറ്റത്. ജോലിസ്ഥലത്തേക്ക് എത്തിയ ശാലിനിയെ രോഹിത് തടഞ്ഞുനിർത്തുകയും രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് നിരവധി തവണ വെടിവെക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ശാലിനി മരിച്ചു

കൊലപാതകത്തിന് ശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പൊലീസ് വളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ രോഹിത്തിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയാൾ സ്വയം വെടിയുതിർത്തതാണെന്നാണ് പൊലീസ് നിഗമനം.  

പ്രതിയായ രോഹിത് കഴിഞ്ഞ ഒരു വർഷത്തോളമായി ശാലിനിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തുകയും പിന്തുടരുകയും ചെയ്തിരുന്നു. എന്നാൽ പ്രായവ്യത്യാസം കാരണം ശാലിനി ഇത് നിരസിക്കുകയാണുണ്ടായത്. ശാലിനിയുടെ കാറിനടിയിൽ ആപ്പിൾ എയർടാഗ് ഒളിപ്പിച്ച് ലോക്കേഷൻ ട്രാക്ക് ചെയ്യുക, കാറിന്‍റെ ടയർ പഞ്ചറാക്കുക, ശാലിനി ഉറങ്ങിക്കിടക്കുമ്പോൾ വീടിനുള്ളിൽ അതിക്രമിച്ചുകയറുക തുടങ്ങി ഇയാള്‍ പലരീതിയില്‍ ശാലിനിയെ ശല്ല്യപ്പെടുത്തുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ഇയാളുടെ ശല്യം കൂടിയപ്പോൾ ശാലിനി കോടതിയിൽ നിന്നും റസ്ട്രെയിനിങ് ഓർഡർ (അടുത്തേക്ക് വരാൻ പാടില്ലെന്ന ഉത്തരവ്) വാങ്ങിയിരുന്നെങ്കിലും അതും ലംഘിച്ചാണ് പ്രതി കൊലപാതകം നടത്തിയത്. മകളെ രക്ഷിക്കാൻ സിസ്റ്റത്തിന് കഴിഞ്ഞില്ലെന്ന് ശാലിനിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.  

ENGLISH SUMMARY:

Shalini, a woman of Indian origin, was tragically killed in a shooting in California, with the perpetrator, Rohit, also taking his own life. This incident highlights the dangers of stalking and the violation of restraining orders, a concerning issue for the Indian diaspora.