Image: X, @indiatoday, AI Enhanced
ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഹരിയാനയിൽ ബി.ജെ.പി നേതാവിന്റെ ബന്ധുവിനെ സുഹൃത്തും കൂട്ടാളിയും ചേര്‍ന്ന് മര്‍ദിച്ചുകൊലപ്പെടുത്തി. റേവാഡിയിലാണ് സംഭവം. ബിജെപി നേതാവിന്റെ സഹോദരീപുത്രനായ ജിതേന്ദ്രയെ (40) സുഹൃത്തും കൂട്ടാളിയും ചേര്‍ന്ന് ഇരുമ്പുവടി കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കേസിൽ പ്രധാന പ്രതിയായ പ്രവീൺ എന്ന പാപ്ല, അനന്തരവൻ അമൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Also Read: 'രാഷ്ട്രപതിയുടെ എഡിസി ആയതുകൊണ്ടാണ് വിവാഹം കഴിക്കാതിരുന്നത്, ഏറ്റവും വലിയ ത്യാഗം'
സെപ്റ്റംബർ 7-നാണ് സംഭവം. ഭദാവാസിലേക്കുള്ള ആളൊഴിഞ്ഞ റോഡിൽ എച്ച്.പി.സി.എൽ. റിഫൈനറിക്ക് സമീപം ജിതേന്ദ്രയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരപരുക്കേറ്റ നിലയിലായിരുന്നു ജിതേന്ദ്രയെ കണ്ടെത്തിയത്. പ്രതിയുടെ ഭാര്യയുമായി ജിതേന്ദ്രയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു.
മദ്യപിക്കാമെന്ന് പറഞ്ഞ് പ്രവീൺ ജിതേന്ദ്രയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും കനാൽ പാലത്തിന് സമീപമിരുന്ന് മദ്യപിച്ചു. പിന്നീട് പ്രവീണും അമനും ചേർന്ന് ജിതേന്ദ്രയെ ആളൊഴിഞ്ഞ റോഡിലേക്ക് കൊണ്ടുപോയി. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ജിതേന്ദ്രയെ പ്രവീൺ ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തി. ഈ സമയം അമൻ ചുറ്റുപാടുകൾ നിരീക്ഷിച്ചു നിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കുടുംബത്തിന്റെ സംശയവും സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ സാങ്കേതിക പരിശോധനയുമാണ് പ്രതികളിലേക്ക് എത്താന്‍ സഹായിച്ചത്. ചോദ്യം ചെയ്യലിൽ പ്രവീൺ കുറ്റം സമ്മതിച്ചതായി എ.എസ്.പി ദീപിക അഗർവാൾ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകത്തിന് ഉപയോഗിച്ച വാഹനവും ഇരുമ്പുവടിയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.