ഹൃത്വിക് റോഷന്‍ നായികയായി കഹോന പ്യാര് ഹെയിലൂടെ ബോളിവുഡില്‍ തരംഗമായി മാറിയ നായികയാണ് അമീഷ പട്ടേല്‍. താരത്തിന്‍റെ വീട്ടില്‍ മോഷണം നടന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുംബൈ ചർച്ച്ഗേറ്റിലെ വീട്ടിലാണ് സംഭവം. ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് വീട്ടിലെ ജോലിക്കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അമീഷയുടെ അമ്മ ആശ പട്ടേലിന്റെ സഹായിയായി കഴിഞ്ഞ ഒന്നര വർഷമായി വീട്ടുജോലിക്ക് നിൽക്കുന്ന സ്ത്രീയാണ് മോഷണത്തില്‍ പ്രതിയായിരിക്കുന്നത്.
പാൽഘർ സ്വദേശിനി സീമ ഘാട്ടെ (40) ആണ് പൊലീസ് പിടിയിലായത്. ആശ പട്ടേലിന്റെ പരാതിയെത്തുടർന്ന് മറൈൻ ഡ്രൈവ് പൊലീസാണ് മോഷണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച് ജോലിക്കാരിയെ പിടികൂടിയത്.
കഴിഞ്ഞ ജനുവരിയില്‍ ആശ പട്ടേലിന്‍റെ വീട്ടില്‍ നിന്നും ഒരു സ്വര്‍ണ വള മോഷ്ടിക്കപ്പെട്ടതായി പൊലീസ് പറയുന്നു. മോഷണത്തില്‍ ജോലിക്കാരിക്ക് പങ്കുള്ളതായി ആശ പട്ടേല്‍ സംശയിച്ചിരുന്നു. അതുകൊണ്ടു തന്നെ കുറ്റം സമ്മതിച്ച്, ആഭരണം തിരികെ നല്‍കാന്‍ ഇവരോട് ആറുമാസമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജോലിക്കാരിയുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഉണ്ടാകാഞ്ഞതോടെ, ആശ പട്ടേൽ മറൈൻ ഡ്രൈവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
നഷ്ടപ്പെട്ട ആഭരണങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും വള ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പിടിയിലായ സീമ ഘാട്ടെയ്ക്ക് മുമ്പ് എന്തെങ്കിലും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നും അധികൃതർ പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ സീമ ഘാട്ടെയെ സെപ്റ്റംബർ 15 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.