• താനും രജനികാന്തും തമ്മിലുള്ള പല രംഗങ്ങളും സിനിമയുടെ ഫൈനല്‍ കട്ടില്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. രംഗങ്ങൾ എഡിറ്റ് ചെയ്ത് പോയതാണ് ഇത്തരമൊരു തെറ്റിദ്ധാരണയ്ക്ക് കാരണമായത്

രജനികാന്ത് ചിത്രം ജയിലര്‍ ടു തരംഗമായതിനു പിന്നാലെ, താന്‍ നേരിട്ട  ബോഡി ഷെയ്മിംഗ് വിമർശനങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായി തമിഴ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നാൻസി ദിവ്യ വിക്രം രംഗത്ത്. തമിഴ് ഓണ്‍ലൈന്‍ മീഡിയയ്ക്കു നല്‍കിയ അഭിമുഖത്തിലൂടെയാണ് നാന്‍സി നിലപാട് വ്യക്തമാക്കിയത്. 

ജയിലര്‍ ടുവില്‍ രജനികാന്തിന്റെ കഥാപാത്രം ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമയാണ് നാന്‍സി അവതരിപ്പിച്ച ഷീല. സദാസമയവും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രമാണത്. രജനികാന്തിനൊപ്പമുളള നാന്‍സിയുടെ ചില കോമ്പിനേഷന്‍ രംഗങ്ങൾ നടിയുടെ ശരീരപ്രകൃതിയെ കളിയാക്കുന്ന തരത്തിലുള്ളതാണെന്ന രീതിയിൽ വലിയ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഇതിനു പിന്നാലെയാണ് 'കഥാപാത്രത്തെ ആ രീതിയിൽ കാണരുത്' എന്ന് നാന്‍സി പറയുന്നത്. 

താൻ ഷീല എന്ന കഥാപാത്രത്തെ കണ്ടതും പ്രേക്ഷകർ അതിനെ വ്യാഖ്യാനിച്ചതും രണ്ട് രീതിയിലാണെന്ന് നാൻസി പറയുന്നു. 'സിനിമയിലെ 'ഷീല' എന്ന എന്‍റെ കഥാപാത്രം ആഹാരത്തെ ഏറെ സ്നേഹിക്കുന്ന, സന്തോഷത്തോടെ ജീവിക്കുന്ന ഒരു വ്യക്തിയാണ്. ചിലര്‍ അതിനെ ബോഡി ഷെയ്മിംഗായി കാണുമ്പോൾ, ഞാൻ അതിനെ കേവലം ഒരു കഥാപാത്രമായി മാത്രമാണ് കാണുന്നത്. ഒരു മെലിഞ്ഞ നടിയാണ് ഈ വേഷം ചെയ്തതെങ്കിലും ഈ രംഗങ്ങൾക്ക് മാറ്റമൊന്നും ഉണ്ടാകുമായിരുന്നില്ല. സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പമുള്ള എന്റെ ആദ്യ രംഗങ്ങളില്‍ ശരീരഭാരത്തെക്കുറിച്ച് നേരിട്ടുള്ള യാതൊരു പരാമർശവും ഉണ്ടായിരുന്നുമില്ല, നാൻസി ദിവ്യ പറയുന്നു. 

രംഗങ്ങൾ വെട്ടിമാറ്റിയതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്ന് നടി പറയുന്നു. താനും രജനികാന്തും തമ്മിലുള്ള പല രംഗങ്ങളും സിനിമയുടെ ഫൈനല്‍ കട്ടില്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. രംഗങ്ങൾ എഡിറ്റ് ചെയ്ത് പോയതാണ് ഇത്തരമൊരു തെറ്റിദ്ധാരണയ്ക്ക് കാരണമായത്. 'സൂപ്പർസ്റ്റാറിന് പ്രായമായി എന്ന് പറഞ്ഞ് ഞാൻ അദ്ദേഹത്തെ കളിയാക്കുന്ന രംഗങ്ങൾ സിനിമയില്‍ ചിത്രീകരിച്ചിരുന്നു. കടയിൽ വൈകിയെത്തുന്നതിന് ശമ്പളം കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും, ഞാൻ അദ്ദേഹത്തെ വഴക്കുപറയുന്നതുമായ സീനുകളും ഉണ്ടായിരുന്നു. രജനി സാറിന്റെ കഥാപാത്രം എന്നെ ഒരു തവണ കളിയാക്കുമ്പോൾ ഞാൻ തിരിച്ചും അങ്ങനെ ചെയ്യുന്നുണ്ട്. എന്നാൽ, ആ രംഗങ്ങളെല്ലാം സിനിമയിൽ നിന്ന് വെട്ടിമാറ്റപ്പെട്ടു. ഒരുപക്ഷേ, ചിത്രീകരിച്ച എല്ലാ സീനുകളും സിനിമയിലുണ്ടായിരുന്നെങ്കില്‍, ബോഡി ഷെയ്മിംഗാണെന്ന് ആളുകൾക്ക് തോന്നുമായിരുന്നില്ലെന്ന് — നാൻസി ദിവ്യ പറയുന്നു. സിനിമയിൽ കാണിച്ച ചില രംഗങ്ങൾ മാത്രമാണ് കഥാപാത്രത്തെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ ഇത്തരമൊരു കാഴ്ചപ്പാടുണ്ടാക്കിയതെന്ന് താരം കൂട്ടിച്ചേർത്തു.

ശരീരപ്രകൃതിയുടെ പേരിൽ ആളുകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരണമെന്ന് നാൻസി വിമര്‍ശിക്കുന്നു. 'തടിയുള്ള വ്യക്തികൾക്ക് അവർക്കിഷ്ടമുള്ള ഏത് വസ്ത്രവും ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വണ്ണംവെയ്ക്കുന്നത് ഭക്ഷണം കഴിക്കുന്നത് കൊണ്ടുമാത്രമല്ല, അതിന് പിന്നിൽ മറ്റു പല കാരണങ്ങളുമുണ്ട്. ഇക്കാര്യം ഞാൻ എവിടെയും ശക്തമായി പറയാറുള്ളതാണ്. 

മറ്റൊരാളുടെ ശരീരപ്രകൃതിയെ പരിഹസിച്ചുള്ള തമാശകളിൽ ആനന്ദം കണ്ടെത്തുന്നത് എന്തുകൊണ്ടാണെന്ന് ആളുകൾ സ്വയം ചിന്തിക്കണം. തടിയുള്ളവരെ നോക്കി ചിരിക്കാൻ നമ്മുടെ സംവിധാനം തന്നെ പ്രോത്സാഹിപ്പിക്കുമ്പോൾ, അത് കണ്ടു ആസ്വദിക്കാൻ ആളുകളുള്ളിടത്തോളം കാലം കളിയാക്കുന്നവരെ തടയാൻ കഴിയില്ല. ആദ്യം മാറേണ്ടത് നമ്മൾ തന്നെയാണ്. എന്തിനെയാണ് പ്രശംസിക്കേണ്ടതെന്നും, എന്തൊക്കെയാണ് തമാശയായി എടുക്കേണ്ടതെന്നും എടുക്കാതിരിക്കേണ്ടതെന്നും സ്വയം മനസിലാക്കണം, നാൻസി ദിവ്യ പറയുന്നു. 

തന്റെ നിലപാടുകളിലൂടെയും വ്യക്തമായ മറുപടിയിലൂടെയും ബോഡി ഷെയ്മിംഗിനെതിരെയുള്ള ശക്തമായ സന്ദേശമാണ് നാൻസി ദിവ്യ നൽകുന്നത്.

ENGLISH SUMMARY:

Tamil actress and influencer Nancy Divya recently responded to body-shaming criticism surrounding her role as Sheela in the Rajinikanth starrer Jailer 2. She clarified that her character, who constantly eats, was meant to be seen purely as a role rather than as a target for body shaming, noting that the removal of several key interaction scenes in the final edit contributed to the audience's misunderstanding. Emphasizing that weight gain is not solely caused by eating, Divya strongly advocated for a shift in societal attitudes and called on people to stop finding humor in mocking others' physical appearances.