Image Credit: X @NDTV

നാഗ്പൂരില്‍ ദുര്‍മന്ത്രവാദം നടത്തുന്നു എന്നാരോപിച്ച് ഭര്‍തൃപിതാവ് മരുമകളെ കോടാലികൊണ്ട് ‌വെട്ടിക്കൊലപ്പെടുത്തി. ലക്ഷ്മി രവിശങ്കര്‍ പാലി ( 42 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 72 കാരനായ പ്രതി നത്തുലാൽ പാലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാഗ്പൂരിലെ യശോധര നഗറിലാണ് നാടിനെ നടുക്കിയ സംഭവം.

പ്രതിയുടെ മകനും കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവുമായ രവിശങ്കര്‍ 2019ല്‍ മരണപ്പെട്ടിരുന്നു. കൂടാതെ നത്തുലാലിന് നിരന്തരം ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. തന്റ അഅസുഖങ്ങള്‍ക്കും മകന്റെ മരണത്തിനും കാരണം ലക്ഷ്മിയാണെന്നും അവള്‍ ദുര്‍മന്ത്രവാദം ന‌ടത്തുന്നുണ്ടെന്നും പ്രതി ആരോപിച്ചു. ഇതേച്ചൊല്ലി വീട്ടില്‍ സ്ഥിരമായി വഴക്കുകളും ഉണ്ടായിരുന്നു.

സംഭവദിവസം ഉച്ചയോടെ വീട്ടില്‍ നിന്ന് തുണി അലക്കിക്കൊണ്ടിരുന്ന ലക്ഷ്മിയും നത്തുലാലുമായി വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ഇതില്‍ പ്രകോപിതനായ പ്രതി സമീപത്തുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ലക്ഷ്മിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായുരുന്നു. പരുക്കേറ്റ ഇവര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.

കൊലപാതകശേഷം പരിഭ്രാന്തനായ പ്രതി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ കിണറ്റില്‍ ചാടിയതോടെ അവിടെയുള്ള കല്ലില്‍പ്പിടിച്ചു നിന്നു. തുടർന്ന് നാട്ടുകാരും കുടുംബാംഗങ്ങളും വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. 

പരുക്കേറ്റ പ്രതിയെ നാഗ്പൂരിലെ ആശുപതിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ കൊലപാതകക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ടെന്നും കുടുംബാഗങ്ങളുടെയും അയല്‍ക്കാരുടെയും മൊഴികള്‍ എടുക്കുന്നുണ്ടെന്നും യശോധര നഗര്‍ പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

Nagpur murder case involving a father-in-law killing his daughter-in-law due to accusations of black magic is a shocking incident. The accused believed the victim was responsible for his son's death and his own health issues, leading to the fatal attack.