• മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എസ്.ബി.ഐ ശാഖയിൽ ഇടപാടുകാരന്റെ വേഷത്തിലെത്തി ജീവനക്കാരുടെ കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞ് നാല് ലക്ഷം രൂപ കവർന്നു.

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സിനിമാ സ്റ്റൈൽ കവർച്ച. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ശാഖയിൽ ഇടപാടുകാരന്റെ വേഷത്തിലെത്തി നാല് ലക്ഷം രൂപ കവർന്ന യുവാവിനെ വെറും മുപ്പത് മിനിറ്റിനുള്ളിൽ പൊലീസ്  പിടികൂടി. പ്രതിയുടെ കവർച്ചാ ദൃശ്യങ്ങളും അതിവേഗത്തിലുള്ള പൊലീസ് നടപടിയും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വ്യാഴാഴ്ച വൈകീട്ടാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കാവി കുർത്തയും കറുത്ത പൈജാമയും ധരിച്ച് മുഖം പൂർണമായി മറച്ചെത്തിയ പ്രതി, നേരെ ക്യാഷ് കൗണ്ടറിന് സമീപത്തേക്ക് നീങ്ങുകയായിരുന്നു. പീന്നീട് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന മുളകുപൊടി പുറത്തെടുത്ത് ജീവനക്കാരുടെ കണ്ണിലേക്ക് വിതറുകയായിരുന്നു. മുളകുപൊടി വീണ് ജീവനക്കാരുടെ കാഴ്ച മങ്ങുകയും ബാങ്കിനുള്ളിൽ പരിഭ്രാന്തി പടരുകയും ചെയ്തതോടെ, പ്രതി കൗണ്ടറിലുണ്ടായിരുന്ന നാല് ലക്ഷം രൂപ കൈക്കലാക്കി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. കവർച്ചയ്ക്ക് പിന്നാലെ ജീവനക്കാരും സുരക്ഷാ ജീവനക്കാരനും പ്രതിയെ പിന്തുടരാൻ ശ്രമിച്ചെങ്കിലും തിരക്കേറിയ റോഡിലൂടെ ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് ബാങ്ക് അധികൃതർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.

സ്ഥലത്തെത്തിയ പൊലീസ് ബാങ്കിനുള്ളിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ വേഷവും ഇയാൾ രക്ഷപ്പെട്ട ദിശയും കൃത്യമായി മനസ്സിലാക്കിയ പൊലീസ്, പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉടൻ തന്നെ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും പട്രോളിങ് സംഘങ്ങൾക്ക് വിവരങ്ങൾ കൈമാറുകയും ചെയ്തു.

തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ 30 മിനിട്ടിനുള്ളിൽ തന്നെ പ്രതിയെ പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളിൽ നിന്ന് കവർച്ച ചെയ്ത മുഴുവൻ പണവും പൊലീസ് വീണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും, ഈ കുറ്റകൃത്യത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

In a dramatic bank heist in Nagpur, Maharashtra, a disguised man robbed ₹4 lakh from a State Bank of India branch by throwing chilli powder at bank employees. The robber, dressed in a saffron kurta with his face covered, created panic inside the bank before fleeing the scene with the cash. However, prompt action by the Nagpur police, guided by CCTV footage and strategic blockades, led to his arrest within 30 minutes. The police managed to recover the entire stolen amount and are currently investigating whether he had any accomplices in the crime.