• കയ്യില്‍കിട്ടിയതെല്ലാം വിറ്റ് ലഹരിവാങ്ങും. സ്വര്‍ണവും വീട്ടുപകരണങ്ങളും തൊട്ട് എല്‍.പി.ജി സിലിണ്ടറും ബാത്ത് റൂമിലെ ബക്കറ്റും കപ്പുംവരെ നഷ്ടമായി

2016 ല്‍ ഇറങ്ങിയ ബോളിവുഡ് ചിത്രമാണ് ഉഡ്താ പഞ്ചാബ്.. അര്‍ഥം പറക്കുന്ന പഞ്ചാബ്. ലഹരിക്കടിമയാവുന്ന യുവത്വമായിരുന്നു പ്രമേയം. 10 വര്‍ഷത്തിനിപ്പുറം ആ സിനിമ ഓര്‍ക്കാന്‍ കാരണം ഒരു കര്‍ഷകന്‍റെ ആത്മഹത്യ  അഥവാ സിസ്റ്റം നടത്തിയ കൊലപാതകം ആണ്.  സംഗ്രൂരിലെ തൂര്‍ ബന്‍സാര ഗ്രാമത്തിലെ അന്‍പത്തിമൂന്നു വയസുകാരന്‍ ഗുല്‍സാര്‍ സിങ്ങിന്‍റെ മരണം തുറന്നുകാട്ടുന്നത് ലഹരി പഞ്ചാബിനെ എത്രത്തോളം കീഴടക്കിയെന്നാണ്. അതിനോട് മുഖം തിരിക്കുന്ന ഭരണകൂട നിസംഗതയും. കേരളത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമായി മുന്നോട്ടുപോകുമ്പോഴാണ് പഞ്ചാബില്‍ നിന്ന് ലഹരി വ്യാപനത്തിന്‍റെ ഇരുണ്ട കഥകള്‍ പുറത്തുവരുന്നത്

പരാതി പറയാനെത്തി, അപമാനിച്ച് മടക്കി–സെപ്റ്റംബര്‍ ഏഴിനാണ് ഗുല്‍സാര്‍ സിങ് ജീവനൊടുക്കുന്നത്. കൃഷിയിടത്തില്‍ ദിവസജോലിക്കാരനായിരുന്നു. ഗുല്‍സാറിന്‍റെ  26 വയസുള്ള മകന്‍ ലഹരിക്കടിമയാണ്. കയ്യില്‍കിട്ടിയതെല്ലാം വിറ്റ് ലഹരിവാങ്ങും. സ്വര്‍ണവും വീട്ടുപകരണങ്ങളും തൊട്ട് എല്‍.പി.ജി സിലിണ്ടറും ബാത്ത് റൂമിലെ ബക്കറ്റും കപ്പുംവരെ നഷ്ടമായി. ഏറ്റവും ഒടുവില്‍ കൊയ്ത്തുകഴിഞ്ഞ് ശേഖരിച്ചുവച്ച ഗോതമ്പ് ശേഖരംകൂടി മകന്‍ വിറ്റതോടെ ആ പിതാവ് തകര്‍ന്നുപോയി. ആ സമയത്താണ് സംസ്ഥാന ധനമന്ത്രി ഹര്‍പാല്‍ സിങ് ചീമ ഗ്രാമത്തില്‍ സന്ദര്‍ശനത്തിന് എത്തിയത്. നേരിട്ട് പരാതിപറയാന്‍ പോയ ഗുല്‍സാറിന് എല്ലാ നിയന്ത്രണവും നഷ്ടമായി. യുവാക്കളെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ എന്തുചെയ്യുന്നുവെന്ന് ചോദിച്ച് മന്ത്രിയോട് കയര്‍ത്തു. ആശ്വസിപ്പിക്കുന്നതിന് പകരം അപമാനമാണ് ആ പിതാവിന് തിരികെ ലഭിച്ചത്.

മന്ത്രിക്കൊപ്പമുണ്ടായിരുന്ന ഗ്രാമമുഖ്യയും ഭര്‍ത്താവും ചേര്‍ന്ന് ഭീഷണിപ്പെടുത്തി മാപ്പുപറയിപ്പിച്ചു. നിരാശയും സങ്കടവും കാരണം ഗുല്‍സാര്‍ വിഷംകഴിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ജീവനൊടുക്കും മുന്‍പ് ഗുല്‍സാര്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ സന്ദേശമാണ് വിവരം പുറത്തറിയിച്ചത്. മന്ത്രി ഹര്‍പാല്‍ സിങ് ചീമയെയും പ്രാദേശിക എ.എ.പി നേതാക്കളെയും വീഡിയോയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. വിവാദമായതോടെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങി. ഗ്രാമമുഖ്യ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഗുല്‍സാറിന്‍റെ മറ്റൊരു മകനായ സെഹ്ബാസിന് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനിച്ചു. ബി.ജെ.പിയും കോണ്‍ഗ്രസും വിഷയം എ.എ.പി സര്‍ക്കാരിനെതിരായ ആയുധമാക്കി. പക്ഷേ രാഷ്ട്രീയത്തിനപ്പുറമാണ് കാര്യങ്ങള്‍

ലഹരി സുലഭം– ഗുല്‍സാറിന്‍റെ മകന്‍ മാത്രമല്ല, തൂര്‍ ബന്‍സാര ഗ്രാമത്തിലെ വലിയൊരു ശതമാനം യുവാക്കളും ലഹരിക്കടിമകളാണ്. ഗുല്‍സാറിന്‍റെ രണ്ട് ബന്ധുക്കള്‍ സമീപകാലത്ത് അമിതമായ ലഹരി ഉപയോഗം കാരണം മരിച്ചിരുന്നു. ലഹരി വില്‍പനയ്ക്ക് യാതൊരു നിയന്ത്രണവും ഇല്ലെന്ന് നാട്ടുകാരും പറയുന്നു. ഒരു ഫോണ്‍ കോളില്‍, അല്ലെങ്കില്‍ ടൗണിലെ കടകളില്‍ എപ്പോള്‍ വേണമെങ്കിലും ലഭിക്കും. പേരിനുപോലും പരിശോധനയില്ല. പാക്കിസ്ഥാനില്‍ നിന്നടക്കം ലഹരിക്കടത്ത് വ്യാപകമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത് മറ്റൊന്നാണ്. റെക്കോര്‍ഡ് ലഹരിവേട്ടയാണ് ഒന്നരവര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നുമുതല്‍ ഇതുവരെ 3757 കിലോ ഹെറോയിന്‍, 45 ടണ്‍ പോപ്പി, 964 കിലോ ഒപ്പിയം, 1288 കിലോ കഞ്ചാവ്, 71 കിലോ മെത്തഫിറ്റമിന്‍ എന്നിവ പിടികൂടി. 25,339 പേരെ അറസ്റ്റ് ചെയ്തെന്നും സര്‍ക്കാര്‍ പറയുന്നു. എന്നിട്ടും സുലഭമാണെങ്കില്‍ പഞ്ചാബിലേക്ക് ഒഴുകുന്ന ലഹരിയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ഇനിയും ജീവനുകള്‍ പൊലിയാതിരിക്കണമെങ്കില്‍ കാര്യമായ യത്നം വേണ്ടിവരും. 

ENGLISH SUMMARY:

Udta Punjab's message of drug addiction in Punjab resonates with the tragic suicide of a farmer, highlighting a systemic failure and government apathy. The incident underscores the pervasive drug crisis in Punjab, where a father's desperation after his son sold their entire wheat harvest led to his demise.