മഹാരാഷ്ട്രയിലെ പിംപ്രിയിലെ ഭണ്ഡാര കുന്നുകൾ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. ചെങ്കുത്തായ മലകളും പാറക്കൂട്ടങ്ങളും കൊക്കകളുമുള്ള പ്രദേശം ഒരേസമയം പ്രകൃതിരമണീയവും അപകടകരവുമാണ്. ഭണ്ഡാര കുന്നുകളിൽ ഒന്നരവയസുകാരി ഒറ്റയ്ക്ക് അലഞ്ഞുതിരിഞ്ഞുനടക്കുന്നതായി തലേഗാവ് പൊലീസിന് വിവരം ലഭിച്ചു. ഉടൻ പൊലീസ് സ്ഥലത്തെത്തി. ഒന്നരവയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടി മലഞ്ചെരിവില്‍  പൊലീസ് കണ്ടെത്തി. കുട്ടിയെ പൊലീസ് ഏറ്റെടുത്തു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

ഒടുവിൽ പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തി. എന്നാൽ മകളെ കാണാതായതിന്‍റെ ആധിയിൽ കഴിഞ്ഞിരുന്ന മാതാപിതാക്കളെയായിരുന്നില്ല പൊലീസ് കണ്ടെത്തിയത്. മറിച്ച്, പൊലീസ് വരുന്നത് കണ്ട് ഭയന്നുനിന്ന ദമ്പതികളെയായിരുന്നു. ഉത്തർപ്രദേശിൽനിന്ന് ജോലിക്കായി മഹാരാഷ്ട്രയിലേക്ക് കുടിയേറിയവരായിരുന്നു ഇവർ. പെൺകുട്ടിയുടെ അച്ഛൻ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. അമ്മ വീട്ടമ്മയാണ്. കുഞ്ഞിനെ നോക്കാൻ സാമ്പത്തികമായി കഴിയാത്തതിനാൽ ഭണ്ഡാര കുന്നുകളിൽ ഉപേക്ഷിച്ചതാണെന്ന് ദമ്പതികൾ പൊലീസിനോട് പറഞ്ഞു.

ഇതോടെ പൊലീസ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിൽ മുറിവുകളോ പോറലുകളോ ഒന്നുമില്ല. ഭക്ഷണവും വെള്ളവും ലഭിക്കാതിരുന്നതിനാൽ അവശയായിരുന്നുവെന്നതൊഴിച്ചാൽ കുട്ടി ആരോഗ്യവതിയാണെന്ന് പൊലീസ് പറഞ്ഞു.

ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. തങ്ങൾക്ക് കുട്ടിയെ പരിപാലിക്കാൻ കഴിയാത്തതിനാൽ മറ്റാരെങ്കിലും കുട്ടിയെ എടുത്ത് വളർത്തുമെന്ന പ്രതീക്ഷയിലാണ് അവിടെ ഉപേക്ഷിച്ചതെന്നും ദമ്പതികൾ പിന്നീട് പൊലീസിനോട് പറഞ്ഞു.

ENGLISH SUMMARY:

In Maharashtra's Pimpri, a one-and-a-half-year-old girl was found wandering alone on Bhandara Hills. The incident highlights the dangers of the area and the distress of parents unable to care for their child.