ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിൽ 100 വർഷം പഴക്കമുള്ള വീട് തകർന്ന് ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. ഒരാൾമാത്രം അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇയാള്‍ പരുക്കുകളോടെ ചികില്‍സയിലാണ്. മരിച്ചവരിൽ രണ്ടുപേര്‍ കുട്ടികളാണ്. കനത്ത മഴയിലാണ് കെട്ടിടം തകർന്നത്. മഹുലി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. മഹുലി ഗ്രാമത്തിലെ പ്രമോദ് ശ്രീവാസ്തവയുടെ വീടാണ് തകര്‍ന്നുവീണത്. അപകടം നടക്കുമ്പോൾ കുടുംബാംഗങ്ങൾ ഉറങ്ങുകയായിരുന്നു. ശക്തമായ ശബ്ദത്തോടെ വീട് തകർന്നു വീണയുടൻ നിലവിളി ഉയരുകയും നാട്ടുകാർ സഹായത്തിനായി ഓടിയെത്തുകയും ചെയ്തു. നാട്ടുകാരാണ് പൊലീസിനെയും അഗ്നിരക്ഷാസേനയേയും വിവരം അറിയിച്ചത്. നാട്ടുകാര്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു.
ഒടുവില്‍ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ഇവരെ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറുപേരും മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രമോദ് ശ്രീവാസ്തവ, റീത്ത ശ്രീവാസ്തവ, നിതിൻ ശ്രീവാസ്തവ, മാധുരി ശ്രീവാസ്തവ, മാധവ്, അദ്വിക് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. അതേസമയം 28കാരനായ അമൻ ശ്രീവാസ്തവ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. പരുക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
അപകടം പ്രദേശത്ത് വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. ഒരേ കുടുംബത്തിലെ ആറുപേരുടെ വിയോഗം ഗ്രാമത്തെയാകെ ദുഃഖത്തിലാഴ്ത്തി. വിവരമറിഞ്ഞ് നിരവധി ആളുകളാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. അതേസമയം, ഇത്രയും പഴക്കമുള്ള വീട് താമസയോഗ്യമായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഗ്രാമീണ മേഖലകളിൽ പല കുടുംബങ്ങളും പഴയതും ബലഹീനവുമായ വീടുകളിൽ താമസിക്കാൻ നിർബന്ധിതരാകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇത്തരം കെട്ടിടങ്ങൾ സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്തുകയോ ഒഴിപ്പിക്കുകയോ ചെയ്യാത്തത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.