• മാലിന്യം തള്ളുന്ന സ്ഥലത്ത് ഉപേക്ഷിച്ച ചോക്ലേറ്റുകളും ടോഫികളും ശേഖരിക്കാൻ ഒത്തുകൂടിയ ജനക്കൂട്ടത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്, അവരിൽ പലരും ഇവ ശേഖരിച്ച് വീട്ടിലേക്കും കൊണ്ടുപോകുന്നു

'ഓസിന് കിട്ടിയാൽ ആസിഡും കുടിക്കും...' എന്നൊരു നാടൻ പ്രയോഗമുണ്ട്. സമാനമായി കടകളിലെ 'ഫ്രീ' ബോർഡിൽ ആകൃഷ്ടരായും സൈബർ വാളുകളിലെ ഓഫറുകൾ കണ്ട് ചതിക്കുഴിയിൽ വീഴാറുമുള്ളവരുമാണ് പലരും. ഇപ്പോൾ ഉത്തർപ്രദേശിലെ കാൺപൂരിൽനിന്ന് പുറത്തുവരുന്ന ഒരു ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. മാലിന്യം തള്ളുന്ന സ്ഥലത്ത് ഉപേക്ഷിച്ച ചോക്ലേറ്റുകളും ടോഫികളും ശേഖരിക്കാൻ ഒത്തുകൂടിയ ജനക്കൂട്ടത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അവരിൽ പലരും ഇവ ശേഖരിച്ച് വീട്ടിലേക്കും കൊണ്ടുപോകുന്നുണ്ട്.

ഒരു ചോക്ലേറ്റ് ഫാക്ടറി ഉപേക്ഷിച്ച കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ ശേഖരിക്കാനാണ് വൻ ജനക്കൂട്ടം ഓടിയെത്തിയത്. മിഠായികൾ നിറച്ച പെട്ടികൾ പ്രദേശത്ത് തള്ളിയിട്ടുണ്ടെന്ന വാർത്ത പ്രചരിച്ചതിനെത്തുടർന്നാണ് ആളുകൾ കൂട്ടത്തോടെ അവിടേക്ക് എത്തിയത്. ചപ്പുചവറുകൾക്കൊപ്പം തള്ളിയ പെട്ടികൾ ആളുകൾ കൈക്കലാക്കി സൗജന്യ ഉൽപന്നങ്ങൾ പോലെ വീട്ടിലേക്ക് കൊണ്ടുപോകുന്ന കാഴ്ച സൈബറിടത്ത് പുതിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. നിലത്തുനിന്ന് ചോക്ലേറ്റുകളും ടോഫികളും എടുക്കുന്നതും ചിലർ ബാഗുകൾ, ചാക്കുകൾ, ഒഴിഞ്ഞ പാത്രങ്ങൾ എന്നിവയുമായെത്തി ഇവ വാരിനിറച്ച് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.

എക്സ്പയറി ഡേറ്റ് കഴിഞ്ഞതോ വിൽക്കാൻ കഴിയാത്തതോ ആയതിനാലാണ് ഫാക്ടറി ഉടമ പാക്കറ്റുകളോടെ റോഡരികിൽ ഇവ ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ, കാലാവധി കഴിഞ്ഞ പലഹാരങ്ങളും ഭക്ഷ്യപദാർഥങ്ങളുമൊക്കെ ആളുകൾ ശേഖരിച്ച് കഴിക്കുന്നതിലെ ആശങ്കയാണ് വിഡിയോ കണ്ട പലരും പങ്കുവയ്ക്കുന്നത്. ഇത്തരത്തിൽ കാലാവധി കഴിഞ്ഞതും പഴകിയതുമായ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ സംഭവം ഗുരുതരമായ ഭക്ഷ്യസുരക്ഷാ ആശങ്കയായി മാറിയിരിക്കുകയാണ്.

കാലാവധി കഴിഞ്ഞതും ഉപയോഗിക്കാൻ കഴിയാത്തതുമായ ഭക്ഷ്യവസ്തുക്കൾ ഈ രീതിയിൽ ഉപേക്ഷിച്ചതിനെച്ചൊല്ലിയും ആക്ഷേപം ഉയരുന്നുണ്ട്. ഇങ്ങനെയാണോ കാലാവധി കഴിഞ്ഞ ഭക്ഷ്യോൽപ്പന്നങ്ങൾ സംസ്കരിക്കേണ്ടതെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. കേടായതോ കാലാവധി കഴിഞ്ഞതോ ആയ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചുകളയണമെന്നും ഡംപിങ് യാർഡിൽ തള്ളുകയല്ല വേണ്ടതെന്നും ചിലർ അഭിപ്രായപ്പെട്ടു.

സംഭവം വാർത്തയായതോടെ വിഷയത്തിൽ അധികൃതർ ഇടപെട്ടതായും റിപ്പോർട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പങ്കി പൊലീസ് സ്റ്റേഷൻ ഇൻ ചാർജിനോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഖാസിം അബിദി ആവശ്യപ്പെട്ടതായി ദൈനിക് ഭാസ്‌കർ ഹിന്ദിയും റിപ്പോർട്ട് ചെയ്യുന്നു.

'ഫ്രീ' കിട്ടിയാൽ എന്തെന്നും ഏതെന്നും നോക്കാതെ അതിനു പിന്നാലെ ഓടുന്ന ആളുകളുടെ സ്വഭാവത്തെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് സൈബറിടത്ത് വിഷയത്തെക്കുറിച്ച് പ്രതികരിക്കുന്നത്.

ENGLISH SUMMARY:

Free chocolates news from Kanpur has sparked a debate about public health and food safety. This incident highlights concerns regarding the consumption of expired food items and raises questions about waste disposal practices by factories.