യൂട്യൂബില്‍ വൈറലായ ‘സീക്രട്ട് ഹൗസ്’ ഗെയിമിന് പിന്നാലെ ഇത് പുനരാവിഷ്കരിക്കാന്‍ ഒളിച്ചിരുന്ന് കുട്ടികള്‍. 24 മണിക്കൂര്‍ ആരും കാണാതെ ഒളിച്ചിരിക്കണമെന്ന കളിയില്‍ ആകൃഷ്ടരായി യുപി മീററ്റിലെ പതിനൊന്നും ഏഴും വയസുള്ള കുട്ടികളാണ് വീട്ടുകാരെയും നാട്ടുകാരെയും പൊലീസിനെയും വെട്ടിലാക്കിയത്. വന്‍ തിരിച്ചിലാണ് കുട്ടികള്‍ക്കുവേണ്ടി അരങ്ങേറിയത്.
ഞായറാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് വിഡിയോ കണ്ട് ഇതില്‍ ആകൃഷ്ടരായ കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിപ്പോകുകയായിരുന്നു. കുട്ടികള്‍ കളിക്കാന്‍ പോയതാണെന്ന് കരുതിയ കുടുംബം ഏറെ വൈകിയും ഇവരെ കാണാഞ്ഞതോടെ ആശങ്കയിലായി. ബന്ധുക്കളുടെ വീട്ടിലും കുട്ടികളുടെ സുഹൃത്തുക്കളുടെ വീട്ടിലുമടക്കം അന്വേഷണം നടത്തിയെങ്കിലും കുട്ടികളുടെ ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് പൊലീസടക്കം വന്‍ സന്നാഹമെത്തി രണ്ട് മണിക്കൂറോളം നടത്തിയ വന്‍ തിരച്ചിലിലാണ് കുട്ടികളെ വീടിന് സമീപത്തെ ഫാം ഹൗസില്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
കുട്ടികളെ ചോദ്യം ചെയ്തതില്‍ നിന്നും യൂട്യൂബിലെ വൈറല്‍ ഗെയിം കണ്ടതിന് പിന്നാലെ തങ്ങള്‍ ഇത് അനുകരിക്കാന്‍ ശ്രമിച്ചതാണെന്ന് കുട്ടികള്‍ വ്യക്തമാക്കി. ഒളിച്ചുകളിയുടെ ഒരു വകഭേദമാണ് സീക്രട്ട് ഹൗസ് ഗെയിം. എന്നാല്‍ വലിയ ചലഞ്ചായാണ് ഗെയിം നടത്താറ്. ഒളിച്ചിരിക്കുമ്പോള്‍ പിടിക്കപ്പെടാതിരിക്കാനായി പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതാണ് ഹൈലൈറ്റ്. 24 മണിക്കൂര്‍ കഴിഞ്ഞും പിടിക്കപ്പെടാതെയിരിക്കുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും.