ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയോട് മോശമായി പെരുമാറി പൊലീസ് ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. ഉത്തർപ്രദേശിൽ നിന്നുള്ള വിഡിയോയിൽ സബ് ഇൻസ്പെക്ടറുടെ യൂണിഫോമിട്ട പൊലീസുകാരൻ ടിടിഇയോട് തർക്കിക്കുന്നതും മോശം ഭാഷയിൽ സംസാരിക്കുന്നതും കാണാം.
പൊലീസ് യൂണിഫോമിൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന സബ് ഇൻസ്പെക്ടറോട് ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് തുടക്കമിട്ടത്. ടിക്കറ്റ് ഇല്ലെന്ന് കണ്ടതോടെ ടിടിഇ ഇത് ചോദ്യം ചെയ്തു. എന്നാൽ തെറ്റ് സമ്മതിക്കുന്നതിന് പകരം പൊലീസ് ഉദ്യോഗസ്ഥൻ ടിടിഇക്ക് നേരെ തട്ടിക്കയറുകയായിരുന്നു.
തർക്കത്തിനിടയിൽ 'ഇത് നിന്റെ തന്തയുടെ വണ്ടിയാണോ?' എന്ന് പോലീസ് ഉദ്യോഗസ്ഥൻ ചോദിക്കുന്നത് വിഡിയോയിൽ കേൾക്കാം. തുടർന്ന് ഇരുവരും തമ്മിൽ പരസ്യമായി വലിയ വാക്കുതർക്കവും അസഭ്യവർഷവും ഉണ്ടാകുകയായിരുന്നു. ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് സൈബറിടങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് ഉദ്യോഗസ്ഥന് നേരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. നിയമം എല്ലാവർക്കും ഒരുപോലെ ആണെന്നും ഉദ്യോഗസ്ഥനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും നിരവധിപേർ കമന്റ് ചെയ്തു.
അതേസമയം ഈ സംഭവം ഏത് ട്രെയിനിലാണ് നടന്നതെന്നോ, എന്നാണ് ചിത്രീകരിച്ചതെന്നോ ഉള്ള കാര്യത്തിൽ റെയിൽവെയോ പൊലീസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് സൂചന.