AI Image
ഒരു മോമോസിന് കൂടിപ്പോയാല്‍ എത്ര രൂപ വില വരും? പത്തോ ഇരുപതോ രൂപയില്‍ താഴെ വില വരുന്ന മോമോസ് വാങ്ങാന്‍ 85 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം നല്‍കിയിരിക്കുകയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഏഴാംക്ലാസുകാരന്‍. വീടിനടുത്തുള്ള മോമോസ് വില്‍പ്പനക്കാരായ മൂന്ന് യുവാക്കളാണ് കുട്ടിയെ അതി വിദഗ്ധമായി കബളിപ്പിച്ചത്. ഏഴാം ക്ലാസുകാരന്‍റെ സഹോദരി മാല കാണാനില്ലെന്ന് പരാതിപ്പെട്ടതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ദുമ്രി ചൗരാഹയിലാണ് സംഭവം. ഏഴാം ക്ലാസുകാരന് മോമോസ് വലിയ ഇഷ്ടമാണെന്നും സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള വീട്ടിലെ കുട്ടിയാണെന്നും തിരിച്ചറിഞ്ഞാണ് മോമോസ് കട നടത്തിയ യുവാക്കള്‍ പറ്റിച്ചത്. മോമോസ് വേണമെന്നും പക്ഷേ പൈസയില്ലെന്നും കുട്ടി പറഞ്ഞതോടെ പണം വേണമെന്നില്ല പകരം ആഭരണങ്ങള്‍ തന്നാല്‍ മതിയെന്ന് യുവാക്കള്‍ പറഞ്ഞു. ഇതോടെ സ്വന്തം സ്വര്‍ണാഭരണങ്ങള്‍ കുട്ടി ഊരി നല്‍കി. വീണ്ടും മോമോസ് ചോദിച്ചെത്തിയപ്പോള്‍ ഇനിയും സ്വര്‍ണം കൊണ്ടുവരാനായിരുന്നു യുവാക്കളുടെ നിര്‍ദേശം. തുടര്‍ന്ന് തന്‍റെ സഹോദരിയുടെ സ്വര്‍ണം അമ്മ അലമാരിയില്‍ വച്ചിരുന്നത് കുട്ടി എടുത്ത് കൊടുത്തു.
ഏകദേശം 85 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇത്തരത്തില്‍ പ്രതികള്‍ കുട്ടിയില്‍ നിന്ന് കൈക്കലാക്കിയത്. കുട്ടിയുടെ വീട്ടുകാര്‍ സ്വര്‍ണം തിരക്കിയെത്തിയതിന് പിന്നാലെ ഇവര്‍ കടന്നകളഞ്ഞു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. കുട്ടിയില്‍ നിന്ന് പ്രതികള്‍ കൈക്കലാക്കിയ സ്വര്‍ണത്തിന്‍റെ വലിയൊരു പങ്ക് പിടിച്ചെടുത്തു. മറ്റു കുട്ടികളെയും തട്ടിപ്പിന് ഇരയാക്കിയോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കുട്ടികള്‍ക്ക് മതിയായ ബോധവല്‍ക്കരണം നല്‍കണമെന്നും മാതാപിതാക്കളോടും അധ്യാപകരോടും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുകയാണ് ഇത്തരം തട്ടിപ്പുകാര്‍ ചെയ്യുന്നതെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.