യൂട്യൂബര്‍ക്ക് മട്ടനുപകരം ബീഫ് വിളമ്പിയതിന് ഹോട്ടല്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലെ പ്രശസ്തമായ ഒളിപബ് ബാര്‍ റസ്റ്റോറന്‍റിലാണ് സംഭവം. നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ സായക് ചക്രവര്‍ത്തിയുടെ പരാതിയിലാണ് നടപടി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്.
സായക് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് റസ്റ്റോറന്‍റിലെത്തിയത്. മട്ടന്‍ സ്റ്റീക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും ഇവര്‍ക്ക് ബീഫാണ് ലഭിച്ചതെന്നാണ് പരാതി. സംഭവിച്ചത് യാദൃശ്ചികമല്ലെന്നും വിളമ്പുന്ന സമയത്ത് ബീഫാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല എന്നും സയക് അവകാശപ്പെട്ടു. ഒന്നും പറയാതെയാണ് ടേബിളില്‍ ഭക്ഷണം കൊണ്ടുവന്ന് വച്ചത്. മട്ടന്‍ ആണെന്ന ധാരണയില്‍ ഭക്ഷണം കഴിച്ചു എന്നും വിഡിയോയില്‍ പറയുന്നു.
രണ്ടാമതൊരു വിഭവം കൂടി വിളമ്പിയപ്പോഴാണ് കാര്യം പുറത്തറിഞ്ഞത്. ആദ്യം വിളമ്പിയത് ബീഫ് ആണെന്നും പുതിയത് മട്ടണാണെന്നും റസ്റ്റോറന്റ് ജീവനക്കാരന്‍ സൂചിപ്പിച്ചു. ഇതോടെയാണ് പ്രശ്നമായത്. തര്‍ക്കത്തിനൊടുവില്‍ റസ്റ്റോറന്‍റ് ജീവനക്കാരന്‍ തെറ്റ് സംഭവിച്ചുവെന്ന് സമ്മതിക്കുന്നുണ്ട്.
ഇതിനു പിന്നാലെ റസ്റ്റോറന്‍റില്‍ നിന്നും ഇറങ്ങിയ സായക് പാര്‍ക്ക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ രാത്രി തന്നെ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച റസ്റ്റോറന്‍റില്‍ നിന്നും ഒരു ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും അബദ്ധ വശാലാണോ കരുതികൂട്ടി ചെയ്തതാണോ എന്നീ കാര്യങ്ങളില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.