messi-arrest

TOPICS COVERED

ലയണല്‍ മെസിയുടെ ഗോട്ട് ഇന്ത്യ ടൂര്‍  സംഘാടകന്‍ ശതാദ്രു ദത്ത അറസ്റ്റില്‍.  പര്യടനത്തിന്റെ ഭാഗമായി ഹൈദരാബാദിലേക്ക് തിരിക്കവേ വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ്. ഇതിഹാസങ്ങളെ ഇന്ത്യയിലെത്തിച്ച സൂപ്പർ പ്രമോട്ടറുടെ നാടകീയ വീഴ്ചയ്ക്കാണ് മെസി ഷോ  സാക്ഷിയായത്. 

'ഗോട്ട് ഇന്ത്യ ടൂറി'ന്റെ ആദ്യദിനം ആൾക്കൂട്ട അതിക്രമവും നാശനഷ്ടങ്ങളുമുണ്ടായി മണിക്കൂറുകൾക്കകം, പരിപാടിയുടെ ഏക സംഘാടകനായ ദത്ത, വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ വ്യവസായ നഗരമായ റിഷ്രയിലെ സാധാരണ കുടുംബത്തിൽനിന്ന്, കൊൽക്കത്തയിലെ ആഗോള ഫുട്ബോൾ മാമാങ്കങ്ങളുടെ മുഖ്യസംഘാടകരിലൊരാളായി  സതാദ്രു ദത്തയുടെ വളര്‍ച്ച അതിവേഗമായിരുന്നു.  2011ൽ ഫിഫ സൗഹൃദമത്സരത്തിൽ വെനസ്വേലയ്‌ക്കെതിരെ അർജന്റീനയെ നയിക്കാൻ മെസ്സി നഗരത്തിലെത്തിയപ്പോൾ, ദത്ത കോർപറേറ്റ് ധനകാര്യരംഗത്തെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച്, സ്പോർട്സ് പ്രൊമോഷൻ രംഗത്തേക്ക് ചുവടുവച്ചു. എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവുമായി.

  1977-നു ശേഷം ആദ്യമായി, പെലെയെ കൊൽക്കത്തയിൽ എത്തിച്ചു. 2017-ൽ, മറഡോണയുടെ രണ്ടാം കൊൽക്കത്ത സന്ദർശനം ദത്തയുടെ വലിയ നേട്ടമായി.  ഗോട്ട് ടൂറിനായി 993 ദിവസവും 317 വിമാനയാത്രകളും വേണ്ടിവന്നുവെന്ന്  ഒരു ഫെയ്സ്ബുക് പോസ്റ്റിൽ ദത്ത അവകാശപ്പെട്ടിരുന്നു.  മെസ്സി ഇവന്റിന്റെ ഒരുക്കങ്ങൾക്കിടെ, ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരിക്കും തന്റെ 'അവസാനത്തെ അങ്കം' എന്ന് അദ്ദേഹം പലപ്പോഴും പരസ്യമായി പറയുമായിരുന്നു. എന്നാല്‍ ഗോട്ട് ടൂറിലെ വന്‍ പിഴവോടെ എ. ശതാദ്രു ദത്ത ഇനിഷ്യേറ്റീവിന്റെ ഭാവിതന്നെ അനിശ്ചിതത്വത്തിലായി.  

ENGLISH SUMMARY:

Shatadru Dutta, the organizer of Lionel Messi's 'GOAT India Tour', was arrested at the airport while heading to Hyderabad as part of the tour. This arrest marks a dramatic fall for the "super promoter" who brought legends to India.