അര്‍ജന്റീന ഫുട്ബോള്‍ താരം ലയണൽ മെസ്സിയുടെ സഹോദരി മരിയ സോൾ മെസ്സിയ്ക്ക് മയാമിയിൽ വെച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരപരുക്ക്. അപകടത്തെത്തുടര്‍ന്ന് ജനുവരിയില്‍ നടത്താനിരുന്ന വിവാഹം മാറ്റിവച്ചതായാണ് റിപ്പോര്‍ട്ട്.
മരിയ അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും മാസങ്ങളോളം നീണ്ട ചികിത്സ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നട്ടെല്ലിനും കണങ്കാലിനും കൈക്കുഴയിലും പൊട്ടലും ഒടിവുകളും സംഭവിച്ചിട്ടുണ്ടെന്ന് മെസ്സിയുടെ അമ്മ സെലിയ കുചിറ്റിനി അറിയിച്ചു. മരിയ സോൾ ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ഭിത്തിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.
അതേസമയം അപകടത്തിനു തൊട്ടുമുന്‍പ് മരിയയ്ക്ക് ബോധക്ഷയം സംഭവിച്ചിരുന്നതായും ശാരീരികസ്വാസ്ഥ്യം സംഭവിച്ചിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ജനുവരി മൂന്നിനായിരുന്നു 32കാരിയായ മരിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
ഇന്റർ മയാമി സിഎഫിന്റെ അണ്ടർ-19 കോച്ചിങ് സ്റ്റാഫ് ആയ ജൂലിയൻ ‘ടൂലി’ അരെല്ലാനോയുമായാണ് മരിയയുടെ വിവാഹം നിശ്ചയിച്ചത്. പൂര്‍ണമായി സുഖം പ്രാപിച്ച ശേഷം ജന്‍മനാടായ റൊസാരിയോയില്‍ വച്ചുതന്നെയാകും വിവാഹം നടക്കുക. ഫാഷന്‍ ഡിസൈനറും ബിസിനസുകാരിയുമാണ് മരിയ. സഹോദരന്‍ മെസ്സിയെപ്പോലെ തന്നെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ വിമുഖതയുള്ള വ്യക്തി കൂടിയാണ് സഹോദരി മരിയ.