പ്രതീകാത്മക ചിത്രം
റോഡപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്, പല മുന്‍ അനുഭവങ്ങളുടേയും പേരിലാകും വേണമെന്ന് തോന്നിയാല്‍പ്പോലും പലരും സഹായനീക്കങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ആശുപത്രിയിലെത്തിച്ചവരെ നിയമനടപടിയുടെ പേരില്‍ പലതവണ വിളിച്ചുവരുത്തുന്നതും മറ്റും റോഡില്‍ വീണുപോകുന്ന ജീവനുകളുടെ രക്ഷയ്ക്ക് തടസമായി മാറാറുണ്ട്. ഈ സാഹചര്യത്തില്‍ നിന്നും മാറ്റം വേണമെന്ന ചിന്തയിലൂന്നിയാണ് ഡല്‍ഹി, രാഹ്–വീര്‍ പദ്ധതിക്ക് നീക്കം നടത്തുന്നത്.
റോഡപകടങ്ങളിൽപ്പെടുന്നവരെ സഹായിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് രാഹ് വീര്‍ പദ്ധതി. അപകടം നടന്ന് ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ (Golden Hour) ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലോ ട്രോമ സെന്ററിലോ എത്തിക്കുന്നവര്‍ക്കാണ് 25,000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കുക.
25,000 രൂപ മാത്രമല്ല, പ്രശസ്തി പത്രവും ലഭിക്കും. ഒരു അപകടത്തിൽ ഒന്നിലധികം പേരെ സഹായിച്ചാലും ഒരു കേസിന് പരമാവധി 25,000 രൂപയേ ലഭിക്കുള്ളൂ. പ്രതിവർഷം തിരഞ്ഞെടുക്കപ്പെടുന്ന 10 വ്യക്തികൾക്ക് 1 ലക്ഷം രൂപയുടെ ദേശീയ പുരസ്കാരവും നൽകും.
2019-ലെ മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ ഗുഡ് സമരിറ്റൻ (Good Samaritan) ചട്ടങ്ങൾ അനുസരിച്ച് രക്ഷകരായവര്‍ക്ക് പൂർണ്ണ നിയമപരിരക്ഷ ലഭിക്കും. പോലീസ് ഉദ്യോഗസ്ഥരിൽ നിന്നുള്ള അനാവശ്യമായ ഇടപെടലുകളോ ബുദ്ധിമുട്ടുകളോ ഇവര്‍ക്ക് നേരിടേണ്ടി വരില്ലെന്നും നിയമം പറയുന്നു.
ക്യാഷ് അവാര്‍ഡിനായുള്ള അപേക്ഷ ജില്ലാതല മൂല്യനിർണ്ണയ സമിതി പരിശോധിച്ച ശേഷമാണ് പണം അനുവദിക്കുക. ജില്ലാ മജിസ്‌ട്രേറ്റ്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, ചീഫ് മെഡിക്കൽ ഓഫീസർ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവരടങ്ങുന്നതാണ് സമിതി. പരിശോധനയ്ക്ക് ശേഷം തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.