ജന്മദിന ആഘോഷത്തിന്റെ സന്തോഷം തീരും പൊലീസ് ഉദ്യോഗസ്ഥൻ തന്റെ ഭാര്യയെ വെടിവെച്ചുകൊന്ന നടുക്കുന്ന വാർത്ത ഇന്നലെ ഡൽഹിയിൽ നിന്നും പുറത്തുവരുന്നിരുന്നു. കൊല്ലപ്പെട്ട രേണുവിന്റെ കുടുംബം കൊലപാതകത്തിന് പിന്നാലെ ഇപ്പോൾ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഡൽഹി പൊലീസ് കോൺസ്റ്റബിളായ ദിനേഷ് ആണ് തന്റെ ഭാര്യയായ രേണുവിനെ നടുറോഡിൽ വെടിവെച്ചു കൊലപ്പെടുത്തിയത്.
ഡൽഹിയിലെ നജ്‌ഗഢ് പ്രദേശത്തുള്ള റോഡിൽ വെച്ചായിരുന്നു കൊലപാതകം. രേണുവിന്റെ ജന്മദിനം ആഘോഷിച്ച് മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോഴാണ് സംഭവം നടക്കുന്നത്. കുടുംബാംഗങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ജന്മദിനാഘോഷത്തിന് ശേഷം ദിനേഷും രേണുവും തമ്മിൽ വീട്ടിൽ വെച്ച് തർക്കമുണ്ടാവുകയും, തുടർന്ന് രേണു ദേഷ്യപ്പെട്ട് ഇറങ്ങിപ്പോവുകയുമായിരുന്നു.
എന്നാൽ, ദിനേഷ് കാറിൽ രേണുവിനെ പിന്തുടർന്നു. ശേഷം വഴിയിൽ വെച്ച് കാർ നിർത്തി, രേണുവിന് നേരെ ദിനേഷ് തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രേണു സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.
അതേസമയം, വിവാഹം കഴിഞ്ഞ നാൾ മുതൽ ദിനേഷും കുടുംബവും രേണുവിനെ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചിരുന്നു എന്നാണ് യുവതിയുടെ കുടുംബം പറയുന്നത്. കൊലപാതകശേഷം ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.