Image: X

Image: X

TOPICS COVERED

  • മുന്നറിയിപ്പ് അടയാളങ്ങളൊന്നുമില്ലാതെ റിക്ഷയില്‍ ഇരുമ്പുകമ്പി. അപകടകരമായ രീതിയില്‍ നീണ്ടു പുറത്തേക്ക്. പിന്നിലെത്തിയ ക്യാബിലേക്ക് കമ്പി തുളച്ചുകയറി.

നിയമങ്ങള്‍ ലംഘിച്ച് ഇ–റിക്ഷയില്‍ കയറ്റിയിരുന്ന ഇരുമ്പുകമ്പി പുറകില്‍വന്ന കാറിലേക്ക് തുളച്ചുകയറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ദ്വാരക എക്സ്പ്രസ് വേയിലാണ് ദാരുണമായ അപകടം നടന്നത്. ഇരുമ്പകമ്പികളിലൊന്ന് കാറിന്റെ വിൻഡ്ഷീൽഡും തകർത്ത് ഡ്രൈവറുടെ നെഞ്ചിലേക്ക് തുളച്ചുകയറുകയായിരുന്നു. അപകടത്തിൽ ക്യാബിലുണ്ടായിരുന്ന വനിതാ യാത്രക്കാരിക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇവർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. നീളമുള്ള ഇരുമ്പ് കമ്പികൾ കയറ്റി വരികയായിരുന്ന ഇ-റിക്ഷയുമായി ക്യാബ് കൂട്ടിയിടിക്കുകയായിരുന്നു. ഇ-റിക്ഷയുടെ പുറത്തേക്ക് അപകടകരമായ രീതിയിലാണ് കമ്പികൾ നീണ്ടുനിന്നിരുന്നത്. എന്നാൽ കമ്പിയുടെ അറ്റത്ത് മുന്നറിയിപ്പ് അടയാളങ്ങളോ ചുവന്ന തുണിയോ ഘടിപ്പിച്ചിരുന്നില്ലെന്ന് പോലീസ് പറയുന്നു. 

അപകടം നടന്നയുടന്‍ തന്നെ കാര്‍ ഡ്രൈവര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഉത്തർപ്രദേശ് സ്വദേശിയാണ് മരിച്ച ഡ്രൈവർ. അപകടത്തില്‍ ക്യാബിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സെക്ടർ 37 പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ട്രാഫിക് വിഭാഗവും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.  

അപകടത്തിനു പിന്നാെല എക്സ്പ്രസ് വേയില്‍ വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് തകർന്ന വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇ-റിക്ഷാ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. താൻ പതിയെയാണ് വാഹനം ഓടിച്ചിരുന്നതെന്നും ക്യാബ് പുറകിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നും ഇയാൾ പോലീസിന് മൊഴി നല്‍കി. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകാന്‍ സിസിടിവി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്.  

Car Driver Pierced to Death by Iron Rod in Tragic Dwarka Expressway Accident:

A tragic accident occurred on the Dwarka Expressway when a cab collided with an e-rickshaw illegally carrying long iron rods. One of the protruding rods shattered the cab's windshield and pierced the driver's chest, causing his immediate death. A female passenger inside the cab sustained severe injuries and is currently receiving treatment in the intensive care unit. The police have taken the e-rickshaw driver into custody and are reviewing CCTV footage to determine the exact cause of the crash.