ബറേലി ജില്ലയിലെ മുഹമ്മദ്‌ഗഞ്ച് ഗ്രാമത്തിൽ അനുമതിയില്ലാതെ ഒഴിഞ്ഞ വീട്ടിൽ നിസ്കരിച്ചതിന് 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിനുള്ളിൽ പ്രാർത്ഥന നടത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ ഒഴിഞ്ഞ വീട് താൽക്കാലിക മദ്രസയായി ഉപയോഗിക്കുന്നുണ്ടെന്ന് ഗ്രാമവാസികളിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് എസ്പി അൻഷിക വർമ്മ പറഞ്ഞു.
‘മുൻകൂട്ടി അനുമതി വാങ്ങാതെ മതപരമായ ചടങ്ങുകളോ ഒത്തുചേരലുകളോ നടത്തുന്നത് നിയമലംഘനമാണ്. ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകും,’ എസ്പി പറഞ്ഞു. സമാധാന ലംഘനവുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് 12 പേർക്കെതിരെ കേസെടുത്തത്. ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ മറ്റ് മൂന്ന് പേർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.
ഹനീഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീടെന്നും വെള്ളിയാഴ്ചകളിലെ നമസ്കാരത്തിനായി ഇത് താൽക്കാലികമായി ഉപയോഗിക്കുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ ഇതിനായി രേഖാമൂലമുള്ള അനുമതിയോ മറ്റ് ഔദ്യോഗിക രേഖകളോ ഹാജരാക്കാൻ അവർക്ക് കഴിഞ്ഞില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അനുമതിയില്ലാതെ വീടിനുള്ളിൽ പതിവായി പ്രാർത്ഥന നടത്തുന്നതിനെ ചില ഗ്രാമവാസികൾ എതിർക്കുകയും അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഒത്തുചേരൽ തടയുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോയും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിക്കുന്നുണ്ട്.