pinarayi-emergency-assembly-interview

അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് മര്‍ദനം വെളിവാക്കാന്‍ നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടിയ ആ ചോരപുരണ്ട ഷര്‍ട്ട് ഇന്ന് തന്‍റെ പക്കലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷേ ആ ഷര്‍ട്ട് താന്‍ സൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം മോഹന്‍ലാലുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തി. ലോക്കപ്പ് മര്‍ദനമേറ്റ സമയത്ത് താന്‍ ചെറുപ്പമായത് കൊണ്ട് അതിജീവിച്ചുവെന്നും പിണറായി പറഞ്ഞു. അടിച്ച് തോല് പൊളിക്കുക എന്നൊക്കെ പറയുന്നത് പോലെ അടിയേറ്റ് ശരീരത്തിന്‍റെ തൊലി പൊളിഞ്ഞു പോയിരുന്നുവെന്നും അടികൊണ്ട് നീര് കെട്ടിയിട്ട് ആ തൊലി പോയി പിന്നെ പുതിയത് വരികയാണ് ഉണ്ടായതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. അടിയേല്‍ക്കുമ്പോള്‍ കണ്ണില്‍ മിന്നുന്നത് പോലെ തോന്നിയിരുന്നുവെന്നും  ആ അവസ്ഥ ആര്‍ക്കും ഉണ്ടാവരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് ശരീരത്തിലെ മുറിവിനെക്കാള്‍ വലിയ പോറലുകള്‍ അന്ന് മനുഷ്യര്‍ക്ക് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ലോക്കപ്പ് മര്‍ദനത്തോട് താന്‍ ദയ കാണിക്കാറില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ലോക്കപ്പ് മര്‍ദനത്തിന്‍റെ ഭാഗമായി ഒരാള്‍ മരിച്ചുവെന്ന് കേസ് വന്നാല്‍ അത് ഇവിടെയുള്ള പൊലീസ് അന്വേഷിക്കാന്‍ പാടില്ലെന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും പറഞ്ഞു. 

മനസ് എപ്പോഴും ക്ലീന്‍ ആയിരിക്കണമെന്നും കുറ്റബോധം ഉണ്ടാവരുതെന്നും അദ്ദേഹം തുറന്ന് പറയുന്നു. ആരോപണങ്ങള്‍ ഉയര്‍ന്ന് വരുമ്പോള്‍ ആ ആരോപണത്തിന്‍റെ ഭാഗമായുള്ള എന്തെങ്കിലും ഒരു കാര്യത്തില്‍ നമുക്ക് പങ്കാളിത്തം ഉണ്ടെങ്കില്‍ കുറ്റബോധം തീരില്ല. എന്നാല്‍ ഒന്നുമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് കേള്‍ക്കുമ്പോള്‍ അതിനെ ചിരിയോടെ നേരിടാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറയുന്നു. ഒരുഘട്ടത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചും അദ്ദേഹം മനസ് തുറന്നു.

'കേരളത്തിലെ ഒരുപാട് സ്ഥലങ്ങളില്‍ എന്‍റെ വീടുണ്ടെന്ന് പറഞ്ഞ് വന്നു. മറ്റൊരാളുടെ വീട് കാണിച്ചുകൊണ്ട് അത് എന്‍റെ വീടാണെന്ന് വാര്‍ത്തകള്‍ വന്നു. ആ വീട്ടുടമ തന്നെയാണ് അക്കാര്യം എന്നെ അറിയിക്കുന്നത്. പിന്നെ സിംഗപ്പുര്‍ കമല ഇന്‍റര്‍നാഷനല്‍ എന്നൊരു കമ്പനിയുണ്ട്.. അങ്ങനെ ഒരുപാട് വാര്‍ത്തകള്‍. ഇതൊന്നും നമ്മളെ ബാധിക്കുന്നില്ല. ഒരുതരത്തിലും ബാധിക്കുന്ന കാര്യമല്ല. തെറ്റുകള്‍ നമ്മള്‍ ചെയ്യരുത്. എന്‍റെ പൂര്‍ണമായ വിശ്വാസം അതാണ്. ഇതേവരെയുള്ള എന്‍റെ ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റ് ഞാന്‍ ചെയ്തുവെന്ന് എനിക്ക് ബോധ്യമില്ല. അതുകൊണ്ടുതന്നെ എനിക്ക് നല്ല രീതിയിൽ മുന്നോട്ടു പോകാൻ പറ്റും പക്ഷേ സമൂഹത്തില്‍ വലിയ തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്'-മുഖ്യമന്ത്രി വിശദീകരിച്ചു.

ENGLISH SUMMARY:

In a moving interview with actor Mohanlal, Kerala Chief Minister Pinarayi Vijayan recalled the brutal police torture he endured during the Emergency. He revealed that while he no longer possesses the famous blood-stained shirt he once presented in the Assembly, he had preserved it for a long time as a symbol of resistance. The CM described the physical agony of lock-up torture, stating that his skin peeled off due to the severity of the beatings. Reflecting on his administrative stance, he emphasized his zero-tolerance policy toward custodial torture, often insisting on external probes for lock-up deaths. Addressing various corruption allegations like the 'Kamala International' and property myths, Pinarayi Vijayan asserted that his clean conscience allows him to face criticism with a smile. He maintained that he has never committed a wrong in his life, which gives him the strength to move forward despite public misconceptions.