child-sight

TOPICS COVERED

ലഘുഭക്ഷണ പാക്കറ്റിനുള്ളിൽ നിന്ന് ലഭിച്ച കളിപ്പാട്ടം പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരന്റെ കാഴ്ച നഷ്ടപ്പെട്ടു. ഒഡിഷയിലെ ബലാംഗീർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കടയിൽ നിന്ന് വാങ്ങിയ ലഘുഭക്ഷണ പാക്കറ്റിനുള്ളിൽ സൗജന്യമായി ലഭിച്ച കളിപ്പാട്ടം കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. 

കണ്ണിന് ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് കുട്ടി പ്രദേശത്തെ ഒരു കടയിൽ നിന്ന് അഞ്ച് രൂപയുടെ 'ലൈറ്റ് ഹൗസ്' എന്ന കോൺ പഫ്‌സ് പായ്ക്കറ്റ് വാങ്ങിയത്. ലഘുഭക്ഷണം കഴിച്ച ശേഷം അതിനുള്ളിലുണ്ടായിരുന്ന കളിപ്പാട്ടം ഉപയോഗിച്ച് കളിക്കുമ്പോഴായിരുന്നു സ്ഫോടനം.

കളിപ്പാട്ടം പൊട്ടിത്തെറിച്ച് കണ്ണിന്റെ ഉള്ളിൽ ആഴത്തിൽ മുറിവേൽക്കുകയും നേത്രഗോളത്തിന് ഗുരുതരമായ തകരാർ സംഭവിക്കുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാഴ്ച നഷ്ടപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.

കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ ഉൽപ്പന്നം പൂർണ്ണമായും നിരോധിക്കണമെന്നും നിർമ്മാണ കമ്പനിക്കെതിരെ കർശന നടപടി വേണമെന്നും അവർ പറഞ്ഞു. കുട്ടിയുടെ ചികിത്സയ്ക്കും ഭാവി പഠനത്തിനുമായി അർഹമായ നഷ്ടപരിഹാരം നൽകണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Toy explosion in Odisha leads to a child losing his eyesight after a free toy inside a snack packet exploded. The incident has sparked outrage, with the child's parents demanding compensation and a ban on the product.