Ai Generated Image
കുട്ടികളെ കണ്ണെഴുതിച്ചും പൊട്ടുംകുത്തിച്ചും നടത്താനാണ് ഒട്ടുമിക്ക എല്ലാ മാതാപിതാക്കള്‍ക്കും ഇഷ്ടം. കണ്ണേറില്‍ നിന്ന് രക്ഷനേടാനായി കവിളത്തോ നെറ്റിത്തടത്തിലോ ഒരു പൊട്ടും നിര്‍ബന്ധമായിരുന്നു. കാലങ്ങളായി പിന്തുടരുന്ന ഈ ശീലത്തിന് പിന്നിൽ ചില ആരോഗ്യ പ്രശ്നങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണിപ്പോള്‍ ആരോഗ്യവിദഗ്ധര്‍. വീടുകളില്‍ നിര്‍മിക്കുന്ന കണ്‍മഷിയായിരുന്നു ഒരുകാലത്ത് കുട്ടികള്‍ക്ക് കണ്ണെഴുതാന്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്നിപ്പോള്‍ അത് കാജല്‍, ഐലൈനര്‍, ഐ പെന്‍സില്‍ എന്നിവയിലേക്ക് മാറിയിരിക്കുന്നു. കടകളില്‍ നിന്നും വാങ്ങുന്ന ഇത്തരം കണ്‍മഷികളും ഐ ലൈനറുകളും കുട്ടികളുടെ കണ്ണിനെയും കാഴ്ചശക്തിയെയും സാരമായി തന്നെ ബാധിക്കാനിടയുണ്ടെന്ന് ശിശുരോഗവിദഗ്ധരും പറയുന്നു.
ഒരു വയസിന് താഴെയുളള കുട്ടികളില്‍ ഒരിക്കലും ഇത്തരം കണ്‍മഷി ഉപയോഗിക്കരുത്. അലർജിക്കും ബാക്ടീരിയൽ അണുബാധകൾക്കും കൺമഷി കാരണമാകും. ഇനി കണ്ണെഴുതിയേ പറ്റൂ എന്ന് നിര്‍ബന്ധമുളളവരാണെങ്കില്‍ വീട്ടില്‍ തന്നെ തയാറാക്കിയ ശുദ്ധമായ കണ്‍മഷി ഉപയോഗിക്കാം എന്നും ശിശുരോഗവിദഗ്ധര്‍ വ്യക്തമാക്കുന്നു. കടകളില്‍ നിന്നും വാങ്ങുന്ന ഐ ലൈനറുകളും കണ്‍മഷിയും കാജലുമെല്ലാം കാർബൺ, ലെഡ് എന്നീ രാസവസ്തുക്കള്‍ അടങ്ങിയവയാണ്. ഇവ കുട്ടികളുടെ കണ്ണിനകത്ത് എത്തിയാല്‍ അത് ചൊറിച്ചിലിനും കണ്ണുവീക്കത്തിനും കാരണമായേക്കും. ചിലപ്പോള്‍ കണ്ണിന് അണുബാധയേല്‍ക്കാനും സാധ്യതയുണ്ട്.
അങ്ങനെ വന്നാല്‍ കുഞ്ഞിന് ഐ ഡ്രോപ്സ് ഉപയോഗിക്കേണ്ടതായി വരും. ദീര്‍ഘകാലം ഇത്തരത്തില്‍ കണ്‍മഷി ഉപയോഗിക്കുന്നതിലൂടെ കണ്ണിന്റെ നേർത്ത പുറംപാളിയായ കോർണിയയ്ക്ക് തകരാറുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത് പിന്നീട് കുട്ടിയുടെ കാഴ്ചശക്തി ദുർബലപ്പെടുത്തുകയും ചെയ്തേക്കാം. കുട്ടികളുടെ കണ്ണിന്‍റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. പലതരത്തില്‍ കണ്ണെഴുതി കുട്ടികളെ ഒരുക്കാന്‍ തിരക്കുകൂട്ടുന്ന മാതാപിതാക്കള്‍ അവരുടെ കണ്ണിന്‍റെ ആരോഗ്യത്തെക്കുറിച്ച് കൂടി ചിന്തിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കുട്ടികളുടെ കണ്ണുകള്‍ക്ക് എന്തെങ്കിലും അലര്‍ജി പ്രശ്നമോ, ചുവപ്പ് നിറമോ, വീക്കമോ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ചികില്‍സയരുത്. ഉടന്‍ തന്നെ വൈദ്യസഹായം തേടുക.