പ്ലാസ്റ്റിക് മാലിന്യങ്ങളും അഴുക്കും നിറഞ്ഞ് മലിനമായ നദിയെ ഒറ്റയാൾ പോരാട്ടത്തിലൂടെ തിരികെ പിടിക്കുന്ന നിസ്വാര്‍ത്ഥരായ പല മനുഷ്യരെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. മധ്യപ്രദേശിലെ 'ബിട്ടു തബാഹി' എന്ന 21 കാരൻ സോഷ്യൽ മീഡിയയിൽ ഹീറോയായത് അങ്ങനെയാണ്. എന്നാൽ, പരിസ്ഥിതിക്ക് വേണ്ടി നടത്തിയ വലിയ യത്നത്തിന് ആ ചെറുപ്പക്കാരൻ നൽകേണ്ടിവന്ന വില വളരെ വലുതാണ്. കഠിനമായ ശുചീകരണ പ്രവർത്തനങ്ങൾക്കിടയിൽ ഗുരുതരമായ ചർമ്മരോഗങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളുമാണ് ബിട്ടു എന്ന സുരേന്ദ്ര സിങ് ചൗധരിയെ ഇന്ന് വേട്ടയാടുന്നത്.
മധ്യപ്രദേശ് രാജ്ഗഡ് ജില്ലയിലെ ബിയോറയിലുള്ള അജ്നാർ നദിയാണ് പ്ലാസ്റ്റിക് കൂമ്പാരങ്ങളും മാലിന്യങ്ങളും അടിഞ്ഞുകൂടി ഉപയോഗശൂന്യമായത്. . ഈ നദിയെ രക്ഷിക്കാനായി കഴിഞ്ഞ ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിലാണ് ബിട്ടു ശുചീകരണ യത്നം ആരംഭിക്കുന്നത്. വലിയ യന്ത്രങ്ങളോ ഗവൺമെന്റ് സഹായമോ ഒന്നുമില്ലാതെ, സ്വന്തം കൈകൾ കൊണ്ടും ലളിതമായ ഉപകരണങ്ങൾ ഉപയോഗിച്ചും ദിവസങ്ങളോളം പ്രയത്നിച്ച് അവൻ മാലിന്യങ്ങൾ നീക്കം ചെയ്തു. സ്വന്തം കൈയ്യിൽ നിന്നും പണം മുടക്കി, മാസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെ ബിട്ടു ആ നദിയുടെ മുഖച്ഛായ മാറ്റി.
ബിട്ടുവിന്റെ മാതൃകാപരമായ പ്രവർത്തനം രാജ്യത്തുടനീളം വലിയ ശ്രദ്ധ നേടി. ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ള പ്രമുഖർ പ്രശംസിക്കുകയും ചെയ്തിരുന്നു. ഡച്ച് പരിസ്ഥിതി പ്രവർത്തകനായ ബോയാൻ സ്ലാറ്റിന്റെ 'ദി ഓഷ്യൻ ക്ലീനപ്പ്' സംഘടനയിൽ നിന്നും ജോബ് ഓഫർവരെ ബിട്ടുവിനെ തേടിയെത്തി.
എന്നാല്‍, ഇന്ന് വലിയ പ്രതിസന്ധിയാണ് ബിട്ടു നേരിടുന്നത്. നദികളിലെ അഴുകിയ മാലിന്യങ്ങൾക്കിടയിലും കെട്ടിക്കിടക്കുന്ന മലിനജലത്തിലും ദിവസങ്ങളോളം പണിയെടുത്തത് ബിട്ടുവിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു. നദിയിലെ മലിന ജലവും അഴുക്കും കാരണം അവന് കടുത്ത ചർമ്മ അണുബാധകളും അലർജികളും പിടിപെട്ടു. ചൊറിച്ചിലും കടുത്ത ശരീരവേദനയും കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് യുവാവ് പറയുന്നു. രാത്രികാലങ്ങളിൽ ഉറങ്ങുന്നതിന് മുൻപ് മരുന്നുകൾ കഴിക്കേണ്ട അവസ്ഥയിലാണ് ബിട്ടു.
മാസങ്ങളോളം കഷ്ടപ്പെട്ട് വൃത്തിയാക്കിയ അജ്നാർ നദിയിൽ വീണ്ടും ആളുകൾ മാലിന്യങ്ങൾ തള്ളിയെന്ന വാർത്ത ബിട്ടുവിന് വലിയ മാനസിക ആഘാതമായിരുന്നു. താൻ കഷ്ടപ്പെട്ട പ്രയത്നങ്ങള്‍ വെറുതെയായെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നായിരുന്നു നദി വീണ്ടും മാലിന്യക്കൂമ്പാരത്താല്‍ നിറഞ്ഞ അവസ്ഥ കണ്ട് ബിട്ടു വേദനയോടെ പ്രതികരിച്ചത്. സ്വന്തം ആരോഗ്യം പോലും വകവെയ്ക്കാതെ പരിസ്ഥിതിക്കുവേണ്ടി പോരാടിയ ബിട്ടു തബാഹിയുടെ കഥ, വ്യക്തികളുടെ ഒറ്റയാൾ പോരാട്ടത്തിനപ്പുറം സമൂഹത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള വലിയൊരു ചിന്തയാണ് ബാക്കി വെക്കുന്നത്.