karwa-chauth-murder

TOPICS COVERED

ഭർത്താവിന്റെ ദീർഘായുസ്സിനായി 'കർവാ ചൗത്ത്' വ്രതം അനുഷ്ഠിച്ച ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് മസാല ചതയ്ക്കാൻ ഉപയോഗിക്കുന്ന കല്ലുകൊണ്ട് മധു ശ്രീവാസ്തവ എന്ന യുവതിയെ തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയത്.  ഭർത്താവ് ആനന്ദ് ശ്രീവാസ്തവ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാവിലെ ദമ്പതികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇന്ന് കർവാ ചൗത്ത് വ്രതമായതിനാൽ താൻ വീട്ടുജോലികൾ ഒന്നും ചെയ്യില്ലെന്ന് മധു ഭർത്താവിനോട് പറയുകയും ഉറങ്ങാൻ പോവുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ആനന്ദ്, ഉറങ്ങിക്കിടക്കുകയായിരുന്ന മധുവിനെ കഴുത്തുഞെരിക്കുകയും തുടർന്ന് അടുക്കളയിൽ ഇരുന്ന മസാല ചതയ്ക്കുന്ന കല്ലുകൊണ്ട് തലയ്ക്ക് മാരകമായി അടിക്കുകയുമായിരുന്നു. മധു സംഭവസ്ഥലത്തുതന്നെ രക്തം വാർന്നു മരിച്ചു.

കൃത്യം നടത്തുമ്പോൾ ഇവരുടെ പ്രായപൂർത്തിയാകാത്ത മകനും മകളും വീട്ടിലുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ആനന്ദ് നേരെ മകന്റെ അടുത്തെത്തി "ഞാൻ നിന്റെ അമ്മയെ കൊന്നു" എന്ന് പറഞ്ഞു. ഇതുകേട്ട് കുട്ടികൾ ഓടിയെത്തിയപ്പോൾ മധുവിനെ പുതപ്പ് പുതപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുതപ്പ് മാറ്റി നോക്കിയപ്പോഴാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെ ആണ് കുട്ടികൾ കണ്ടത്.

കൊലപാതകത്തിന് ശേഷം പ്രതി ആനന്ദ് സ്വയം പൊലീസിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയ ശേഷം മാത്രമേ വാതിൽ തുറക്കൂ എന്നും ഇയാൾ പറഞ്ഞു. തുടർന്ന് മുരാർ പോലീസ് സ്ഥലത്തെത്തുമ്പോൾ മൃതദേഹത്തിന് സമീപം തന്നെ ഇരിക്കുകയായിരുന്നു പ്രതി. ഇയാളെ പൊലീസ് ഉടനടി കസ്റ്റഡിയിലെടുത്തു.

2010-ൽ പ്രണയിച്ച് വിവാഹിതരായവരാണ് ആനന്ദും മധുവും. ആനന്ദ് നിലവിൽ തൊഴിൽരഹിതനാണെന്നും, ഡൽഹിയിലെ ബിസിനസ്സ് പരാജയപ്പെട്ടതിനെ തുടർന്ന് ഇയാൾ കുറച്ചുകാലമായി കടുത്ത മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായും അയൽവാസികൾ പൊലീസിനോട് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ENGLISH SUMMARY:

In a gruesome incident in Gwalior, Madhya Pradesh, a man brutally murdered his wife on the day of Karwa Chauth, a festival where wives fast for their husbands' longevity. The victim, Madhu Srivastava, was choked and struck on the head with a heavy kitchen grinding stone by her husband, Anand Srivastava, following a dispute over household chores. Shockingly, after committing the crime, the accused informed his minor children that he had killed their mother, leaving them to discover her bloodied body under a blanket. Anand, an unemployed man who had been suffering from mental distress after a failed business venture in Delhi, subsequently called the police himself and was taken into custody from the crime scene.