ഫയല്‍ ചിത്രം: PTI

ഫയല്‍ ചിത്രം: PTI

  • 19 മാസം പ്രായമുള്ള ആണ്‍ ചീറ്റക്കുഞ്ഞാണ് ചത്തത്. ഇതിന്‍റെ ശരീരത്തില്‍ നിന്നും അ‍ഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തു

കുനോയിലെ ദേശീയ ഉദ്യാനത്തില്‍ സംരക്ഷിച്ച് പാര്‍പ്പിക്കുന്ന ചീറ്റക്കുഞ്ഞുങ്ങളിലൊന്ന് വെടിയേറ്റ് ചത്തു. 19 മാസം പ്രായമുള്ള ആണ്‍ ചീറ്റക്കുഞ്ഞാണ് ചത്തത്. ഇതിന്‍റെ ശരീരത്തില്‍ നിന്നും അ‍ഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തു. 2022 ല്‍ ചീറ്റ പ്രോജക്ട് തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

KNG 22 എന്ന ചീറ്റക്കുഞ്ഞാണ് കൊല്ലപ്പെട്ടത്. എക്സ്–റേ പരിശോധനയിലാണ് പലയിടത്ത് നിന്നായി വെടിയുണ്ടകള്‍ ശരീരത്തിലേക്ക് തുളഞ്ഞ് കയറിയതായി കണ്ടെത്തിയത്. മാരകമായി പരുക്കേറ്റ ചീറ്റക്കുഞ്ഞിനെ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം ജബല്‍പുരിലെ വെറ്ററിനറി സര്‍ജറി ആന്‍റ് റേഡിയോളജിയിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ സിടി സ്കാനില്‍ ആന്തരീകാവയവങ്ങള്‍ക്കും നാഡീവ്യവസ്ഥയ്ക്കും സാരമായ പരുക്ക് സ്ഥിരീകരിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വൈകാതെ ചീറ്റ ചത്തു. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമടങ്ങിയ സ്പെഷല്‍ ടാസ്ക് ഫോഴ്സിനാണ് അന്വേഷണച്ചുമതല. 

KNG22 ചത്തതോടെ ഇന്ത്യയിലെ ചീറ്റകള്‍ 58 ആയി ചുരുങ്ങി. ഇതില്‍ 52 എണ്ണവും കുനോയിെല പാര്‍ക്കിലാണുള്ളത്. നാലെണ്ണം ഗാന്ധി സാഗര്‍ വന്യജീവി സങ്കേതത്തിലും രണ്ടെണ്ണം വീരാംഗന ദുര്‍ഗാവതി ടൈഗര്‍ റിസര്‍വിലുമാണുള്ളത്. 

1947 ലാണ് ഇന്ത്യയില്‍ ഇതിന് മുന്‍പ് ചീറ്റ വെടിയേറ്റ് മരിച്ചതായി ഔദ്യോഗിക രേഖകളിലുള്ളത്. രാജ്യത്ത് ശേഷിച്ചിരുന്ന മൂന്ന് ഏഷ്യാറ്റിക് ചീറ്റകളെ അന്നത്തെ രാജാവായ രാമാനുജ് പ്രതാപ് സിങ് ഡിയോ വെടിവച്ച് കൊന്നുവെന്നാണ് രേഖകള്‍. 

ENGLISH SUMMARY:

A 19-month-old male cheetah cub, identified as KNG 22, has died after being shot at Kuno National Park in Madhya Pradesh, with five bullets recovered from its body. X-rays and a CT scan revealed severe injuries to its internal organs and nervous system, and the animal died despite receiving medical treatment and undergoing emergency surgery. The Madhya Pradesh government has ordered an investigation by a special task force comprising forest department officials and police to determine the circumstances of the incident and whether it was a case of poaching.