ഡല്‍ഹി, ചെങ്കോട്ട സ്ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഐഎ. ഡല്‍ഹി, യുപി, ഹരിയാന, ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് വിവിധ സംഘങ്ങള്‍ക്ക് രൂപം നല്‍കി. ഔദ്യോഗികമായി അന്വേഷണം ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി കേസ് റജിസ്റ്റര്‍ ചെയ്യും. ഫരീദാബാദ് ഭീകരസംഘത്തിലെ അംഗമായ പുല്‍വാമ സ്വദേശിയായ ഡോക്ടര്‍ ഉമര്‍ ഓടിച്ച കാറിലാണ് ഉഗ്രസ്ഫോടനം ഉണ്ടായത്. ഡോ. ഉമറിന്‍റെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഉമറും ഉണ്ടെന്ന് ഉറപ്പിച്ചതോടെ ഡിഎന്‍എ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് എന്‍ഐഎ.
സംഭവത്തില്‍ ഫരീദാബാദില്‍നിന്ന് മൂന്ന് ഡോക്ടര്‍മാരടക്കം എട്ടുപേരെ മൂന്ന് ടണ്ണോളം സ്ഫോടക വസ്തുവുമായി അറസ്റ്റ് ചെയ്തതാണ് നിര്‍ണായകമായത്. ഇതോടെ, കൈവശമുണ്ടായിരുന്ന സ്ഫോടക വസ്തുവുമായി ഡോ. ഉമര്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ പൊട്ടിത്തെറിച്ചിരിക്കാം എന്നതാണ് നിഗമനം. അല്ലെങ്കില്‍ അറസ്റ്റില്‍ പ്രകോപിതനായി ഇയാള്‍ മനഃപൂര്‍വം നടത്തിയ സ്ഫോടനമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
ജമ്മു കശ്മീര്‍ പൊലീസിന്‍റെ നടപടിയില്‍ ഡോക്ടര്‍മാരടങ്ങുന്ന ഭീകരസംഘത്തെയായികുന്നു ഫരീദാബാദില്‍നിന്ന് പിടികൂടിയത്. 360 കിലോ അമോണിയം നൈട്രേറ്റ് അടക്കം 2,900 കിലോ സ്ഫോടക വസ്തുക്കളും എകെ 47 തോക്ക് അടക്കം ആയുധങ്ങളുമാണ് എട്ടുപേരില്‍നിന്ന് പിടിച്ചെടുത്തത്. വൈറ്റ് കോളര്‍ ഭീകരസംഘമെന്ന് അന്വേഷണസംഘം വിളിക്കുന്ന ഇവരില്‍ ഉള്‍പ്പെട്ട വനിതാ ഡോക്ടര്‍ ഷാഹീന്‍,, ജയ്ഷെ മുഹമ്മദിന്‍റെ സമീപകാലത്തായി രൂപീകരിച്ച വനിതാ വിഭാഗത്തിന്‍റെ ഇന്ത്യയിലെ മേധാവിയാണ് എന്നാണ് വിവരം. അറസ്റ്റിന് പിന്നാലെ സ്ഫോടനമുണ്ടായത്, ആവശ്യമെങ്കില്‍ പ്രഹരിക്കാന്‍ ശേഷിയുണ്ടെന്ന് ഭീകരസംഘം ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും വിലയിരുത്തലുണ്ട്. ഫരീദാബാദ് അല്‍ – ഫലാഹ് യൂണിവേഴ്സിറ്റിയില്‍നിന്ന് കസ്റ്റിയിലെടുത്ത ആറുപേരെയും വിവിധ ഏജന്‍സികള്‍ ചോദ്യംചെയ്യുകയാണ്.
New Delhi: Officers from various security agencies investigate the spot after a blast occurred in a parked car near Red Fort, leaving multiple vehicles in flames, in New Delhi, Monday, Nov. 10, 2025. At least eight people were killed and 24 others suffered injuries in the incident. (PTI Photo/Salman Ali) (PTI11_10_2025_000469B)
അതേസമയം, സ്ഫോടനത്തില്‍ ശാസ്ത്രീയ പരിശോധനകളും ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറി വേഗത്തിലാക്കിയിട്ടുണ്ട്. സ്ഫോടന സ്ഥലത്തുനിന്ന് രണ്ട് വെടിയുണ്ടകളും സ്ഫോടക വസ്തുവിന്‍റെ രണ്ട് സാംപിളുകളും സംഘം കണ്ടെത്തിയിട്ടുണ്ട്. അമോണിയം നൈട്രേറ്റിന്‍റേതാണ് ഒരു സാംപിള്‍ എന്നാണ് നിഗമനം. മുഴുവന്‍ സാംപിളുകളും ലാബില്‍ പരിശോധിക്കുകയാണ്. ഈ പരിശോധനാ ഫലത്തോെട സ്ഫോടനത്തിന്‍റെ സ്വഭാവത്തില്‍ വ്യക്തത വരും. ചെങ്കോട്ട സ്ഫോടനം വിലയിരുത്താനും തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാനും സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് സമിതി ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ വൈകിട്ടാണ് യോഗം. സ്ഫോടനത്തിന് പിന്നിലെ ഭീകര ബന്ധമടക്കം യോഗം വിലയിരുത്തും.