കെ.ബി.ഗണേഷ്കുമാര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ല. മുഖ്യമന്ത്രിയെ കണ്ടശേഷമാണ് തീരുമാനം. മന്ത്രിസഭായോഗത്തിന് ശേഷമാണ് ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചത്. രാജിയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് എന്തിനെന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി. KSRTCയുടെ ആശുപത്രി ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിസഭയില്‍ ഗണേഷ് വിഷയം ചര്‍ച്ചയായില്ല. 

ഭാര്യ ബിന്ദു മേനോനോട്  മാപ്പ് പറഞ്ഞെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ എല്‍ഡിഎഫിന് തലവേദനയായി ഗണേഷ് വിവാദം . പൊലീസ് ഇടപെട്ടില്ലെന്ന  വിവാദത്തില്‍  ‍ഡിജിപിയോട് മുഖ്യമന്ത്രി വിവരം തേടി. 

ഭാര്യ ബിന്ദു മേനോന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഗണേഷിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമെന്ന് ഘടകക്ഷികള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയോട് ആശയവിനിമയം നടത്തിയതിന് പിന്നാലെയായിരുന്ന  വിവാദത്തില്‍ ട്വിസ്റ്റ്. പരാതിയില്ലെന്ന് പറഞ്ഞ് ബിന്ദു മോനോന്‍ പിന്‍മാറിയാലും സിപിഎമ്മിനും എല്‍ഡ‍ിഎഫിനും തലവേദനയാവും വിവാദം. 

Read Also: എല്ലാം കോംപ്രമൈസാക്കി; ഭാര്യയോട് മാപ്പുപറഞ്ഞ് ഗണേഷ്കുമാര്‍

മന്ത്രിക്കെതിരെ പരാതി പറഞ്ഞ  ഭാര്യക്ക് പിന്‍മാറേണ്ടി വന്നത് സര്‍ക്കാരിന്‍റെ സമ്മര്‍ദമെന്ന് പ്രചാരണം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തപ്പെടും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് സമാനമായ വിഷയത്തില്‍ ഗണേഷിന്‍റെ രാജിക്കായി സമ്മര്‍ദം ഉയര്‍ത്തിയ സിപിഎം ഇവിടെ മൗനത്തിലാണ്. തലശ്ശേരിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് പ്രതികരണം തേടിയെങ്കില്‍ പ്രതികരിക്കാതെ മടങ്ങി. ​

അതേസമയം, ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപിയോട് മുഖ്യമന്ത്രി വിവരങ്ങള്‍ തേടി.  ശനിയാഴ്ച ഉച്ചക്ക് മന്ത്രിയുടെ വാളകത്തെ വീട്ടില്‍ നടന്ന സംഭവങ്ങളും പൊലീസ് എത്തിയതും മുഖ്യമന്ത്രിയോട് ഡിജിപി വിശദീകരിച്ചു.  ഭാര്യ പരാതി നല്‍കാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്നും ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കുടുംബ പ്രശ്നമായതിനാലാണ് ഇടപെടാതിരുന്നത് എന്നാണ് കൊല്ലം റൂറല്‍ എസ് പി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 

ഭാര്യയുമായുള്ള പ്രശ്നം ഒതുക്കി തീർത്തെങ്കിലും മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. ഇത് സെറ്റില്‍ ചെയ്യാന്‍ കഴിയാത്ത വിഷയമെന്നും ഗണേഷ് രാജിവയ്ക്കണമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധം തുടരുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.  

Read Also: 'അത് കുടുംബ വഴക്ക് മാത്രം'; ഗണേഷ്കുമാറിനെതിരായ ആരോപണം; ഇടപെടാത്തത് ന്യായീകരിച്ച് പൊലീസ്

ഭാര്യയുടെ ഗുരുതരാരോപണം കുടുംബപ്രശ്നത്തിൽ ഒതുക്കാനുള്ള ഗണേഷ് കുമാറിന്റെയും ഇടതുമുന്നണിയുടെയും നീക്കം തുറന്നുകാട്ടാനാണ് കോൺഗ്രസിന്റെ തീരുമാനം. ധാര്‍മികതയെക്കുറിച്ച് വാചാലരാകുന്നവര്‍ നിലപാട് വ്യക്തമാക്കണമെന്നും കൂടെ നില്‍ക്കുന്നവര്‍ക്ക് എന്തുമാകാം എന്നാണോ എന്നും സണ്ണി ജോസഫ് ചോദിച്ചു. ഇങ്ങനെയൊരു മന്ത്രിയെ നമുക്ക് വേണ്ടെന്നായി കെ. മുരളീധരന്‍.

മുഖ്യമന്ത്രിയുടെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് അധാര്‍മികമെന്നും പറഞ്ഞ ചെന്നിത്തല പ്രതിഷേധം ശക്തമാക്കുമെന്ന് അറിയിച്ചു. ഗണേശന്റെ തട്ടകമായ പത്തനാപുരത്ത് മാത്രമല്ല, സംസ്ഥാന വ്യാപകമായി ഗണേശന് എതിരായ പ്രതിഷേധം കടുപ്പിച്ച്, സ്ത്രീ സുരക്ഷാ വിഷയത്തിൽ സർക്കാറിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടാനുള്ള അവസരം കൂടിയായാണ് പ്രതിപക്ഷം വിവാദത്തെ നോക്കിക്കാണുന്നത്.

ENGLISH SUMMARY:

Minister Ganesh Kumar will not resign following a meeting with the Chief Minister. He has resolved the issue with his wife through an apology, which was accepted.