ganesh-kumar-bindu-menon

ഭാര്യയോട് മാപ്പ് ഇരന്ന് രാജിയുടെ വക്കിൽ നിന്ന് തൽക്കാലം കരകയറി മന്ത്രി കെ.ബി. ഗണേഷ് കുമാർ. നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞാണ് മന്ത്രി തടിയൂരിയത്.  പ്രശ്നം പറഞ്ഞ് തീർത്തെന്ന് മനോരമ ന്യൂസിനോട് പറഞ്ഞ ബിന്ദു, നിയമനടപടികൾക്കില്ലെന്നും  വ്യക്തമാക്കി.

പരാതി ഇല്ലാത്തതിനാൽ കടുത്ത നടപടികൾ വേണ്ടെന്ന് മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും തീരുമാനിച്ചു. അതേസമയം, ധാർമിക പ്രശ്നം ഉയർത്തി മന്ത്രിയെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. 

ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം തുലാസിൽ ആയത് ഭാര്യ ബിന്ദു മേനോൻ നടത്തിയ വെളിപ്പെടുത്തലിലാണ്. കേവലം കുടുംബ പ്രശ്നം എന്ന ഗണേഷിന്റെ വാദം പൊളിഞ്ഞു പാളീസായതും ബിന്ദുവിന്റെ വാക്കുകളിൽ. 

Read Also: ‘ഭാര്യയുടെ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ്’; രാജിവയ്ക്കില്ലെന്ന് ഗണേഷ്

അവൾക്കൊപ്പം ഹാഷ്ടാഗ് ഉയർത്തി നിൽക്കുന്ന സർക്കാറിന്റെ മുഖത്തേറ്റ അടി മന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി. മന്ത്രി കുപ്പായം മാത്രമല്ല സ്ഥാനാർത്ഥിത്വവും ചോദ്യചിഹ്നമായി. പ്രശ്നം പരിഹരിക്കാൻ ഇന്നത്തെ മന്ത്രിസഭായോഗം വരെ മുഖ്യമന്ത്രി ഡെഡ്‌ലൈൻ വച്ചു.

ഇതോടെ, ഹീറോയിസം വിട്ട് ഗണേശ് അനുരഞ്ജന പാത പിടിച്ചു.  രാത്രി വൈകി ബിന്ദുവിന്റെ സഹോദരിയെ ഫോണിൽ വിളിച്ച് മന്ത്രി മാപ്പിരന്നു. മന്ത്രിസഭായോഗത്തിനു മുൻപ് പ്രശ്നം പരിഹരിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഡെഡ് ലൈൻ. രാവിലെ വാളകത്തുനിന്ന് മന്ത്രിസഭായോഗത്തിനായി പുറപ്പെടുമ്പോഴും ഗണേഷിന്റെ മുഖത്ത് ആശങ്കയുടെ കനം.

Read Also: ഗണേഷിന്റെ രാജിക്കായി സമ്മര്‍ദമേറുന്നു; നിസാര ആരോപണമല്ലെന്ന് എല്‍ഡിഎഫ് വൃത്തങ്ങള്‍

ചീറിപ്പാഞ്ഞ് 50 മിനിറ്റ് കൊണ്ട് മന്ത്രിയുടെ വാഹനം തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശിച്ചതോടെ, മാധ്യമങ്ങളെ ബന്ധപ്പെട്ട ബിന്ദു തന്നെ അനുരഞ്ജന വിവരം വെളിപ്പെടുത്തി. ഗണേഷ് വിളിച്ച് മാപ്പുപറഞ്ഞെന്നും ഇനി പരാതി നല്‍കാനില്ലെന്നും ബിന്ദു മനോരമ ന്യൂസ്നോട് പറഞ്ഞു.

അയ്യായിരം പ്രണയമുണ്ടെന്ന് ഗണേഷ് പറഞ്ഞതാണ് തന്നെ വേദനിപ്പിച്ചതെന്നും അതിനാലാണ് വൈകാരികമായി പ്രതികരിച്ചതെന്നും ബിന്ദു കൂട്ടിച്ചേർത്തു. ഈ ആശ്വാസവാർത്ത ഉറപ്പിച്ചാണ് മന്ത്രിസഭായോഗത്തിൽ  പങ്കെടുക്കാൻ ഗണേഷിന്‍റെ വാഹനം സെക്രട്ടേറിയറ്റിന്റെ പടികടന്നത്. 

അപ്രതീക്ഷിത പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസം സർക്കാരിനും ഇടതുമുന്നണിക്കുമുണ്ട്. എന്നാൽ ധാർമികതയിൽ പിടിച്ച് പ്രതിപക്ഷം പിടിമുറുക്കിയിരിക്കുകയാണ്.

ENGLISH SUMMARY:

Minister K.B. Ganesh Kumar reportedly apologized to his wife, Bindu Menon, following a heated family dispute that drew police intervention.

google-trending-ganesh-JPG

Google Trending Topic: Ganesh Kumar